സൗദി അറേബ്യൻ ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്തും ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലവും ഹജ്ജ് കരാറിൽ ഒപ്പിട്ടപ്പോൾ
ജിദ്ദ : സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഈവർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. കരാറനുസരിച്ച് ഈവർഷം 1,75,025 പേർക്കാണ് ഇന്ത്യയിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് അവസരമുണ്ടാവുക. 2019-ൽ 1,40,000 ആയിരുന്നു ഇന്ത്യക്കനുവദിച്ച ക്വാട്ട. 2020-ലിത് 1,24,000 ആയി കുറഞ്ഞു. കഴിഞ്ഞവർഷം 79,237 പേർക്കാണ് ഇന്ത്യയിൽനിന്ന് ഹജ്ജിന് അവസരമുണ്ടായിരുന്നത്.
സൗദി അറേബ്യൻ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയും ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്തുമാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് മന്ത്രാലയപ്രതിനിധികളുമായുള്ള കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ത്യക്കുവേണ്ടി കോൺസൽ ജനറൽ ഷാഹിദ് ആലം കരാറിൽ ഒപ്പിട്ടു. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്‌സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ ഡോമിൽ നടക്കുന്ന എക്സിബിഷനിൽവെച്ചായിരുന്നു ചടങ്ങ്. ഇതിനകം 19 രാജ്യങ്ങളുമായാണ് സൗദി അറേബ്യ ഹജ്ജ് തീർഥാടനം സംബന്ധിച്ച കരാറുകളിൽ ഒപ്പിട്ടത്.
സൗദിയിലുള്ളവർക്ക് ജൂൺ 25 വരെ ഹജ്ജിന് അപേക്ഷിക്കാം
റിയാദ് : ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് സൗദിയിലുള്ളവർക്ക് ജൂൺ 25 വരെ അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. നുസുക് ആപ്ലിക്കേഷൻവഴിയോ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ ആണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. നിശ്ചിത തീയതിക്കകം ആഭ്യന്തര ഹജ്ജ് ക്വാട്ട അവസാനിച്ചാൽ പിന്നീട് അപേക്ഷ സ്വീകരിക്കില്ല.
ബുക്കിങ് പൂർത്തിയായാൽ അപേക്ഷകന് മൊബൈലിൽ സന്ദേശമെത്തും. ഇക്കാര്യം വെബ്‍സൈറ്റ് വഴിയും ആപ്ലിക്കേഷൻവഴിയും പരിശോധിക്കുകയും ചെയ്യാം. 3984 റിയാൽമുതൽ 11,435 റിയാൽവരെയുള്ള നാലു പാക്കേജുകളാണ് ആഭ്യന്തര ഹാജിമാർക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. പണം ഒന്നിച്ചോ മൂന്നുഘട്ടമായോ അടയ്ക്കാവുന്നതാണ്.
പണമടച്ചശേഷം ആശ്രിതരെ ചേർക്കാൻ സാധിക്കില്ല. കൂടാതെ, ബുക്കിങ്ങിന് അപേക്ഷിച്ചാൽ പിന്നീട് ഓൺലൈൻവഴി റദ്ദാക്കാനും സാധിക്കുകയില്ല. ഹജ്ജ് ചെയ്യണമെങ്കിൽ ഹജ്ജ് വിസയോ അല്ലെങ്കിൽ സൗദിയിലെ ഇഖാമയോ വേണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..