സ്നേഹസംഗമം എം.എ. യൂസഫലി ഉദ്ഘാടനംചെയ്യുന്നു
ഉമ്മുൽഖുവൈൻ : തൃശ്ശൂർ നാട്ടിക സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ നെക്സാസ് ഉമ്മുൽഖുവൈനിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷനിൽ ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷതവഹിച്ചു.
നാട്ടിക സ്വദേശികൂടിയായ എം.എ. യൂസഫലിയുടെ പ്രവാസത്തിന്റെ 50 വർഷം ചടങ്ങിൽ ആഘോഷിച്ചു. 50 വർഷത്തിന്റെ പ്രതീകമായി 50 കിലോഗ്രാം കേക്ക് മുറിച്ചു. യൂസഫലി ആദ്യമായി കടൽകടന്ന ദുംറ എന്ന കപ്പലിന്റെ മാതൃകയിലുള്ള ഫലകം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. നെക്സാസ് പദ്ധതിയായ നാട്ടികയിലെ പാവങ്ങൾക്കുള്ള ‘പകൽവീട്’ നിർമിച്ചുനൽകുമെന്ന് ചടങ്ങിൽ യൂസഫലി പ്രഖ്യാപിച്ചു. പദ്ധതി പൂർത്തീകരിക്കാൻ നാട്ടിലുള്ള മുൻപ്രവാസികളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
വിവേകാനന്ദൻ നയിച്ച ഗാനമേള ഉൾപ്പെടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മികച്ച വിദ്യാർഥികൾക്കുള്ള അനുമോദനത്തോടൊപ്പം ഗോൾഡൻവിസ നേടിയ നെക്സാസ് അംഗം സത്താറിന്റെ മകൾ നസ്റിൻ സത്താറിന് സ്വർണമെഡൽ സമ്മാനിക്കുകയും ചെയ്തു. 850 കിലോമീറ്റർ ദൂരം യു.എ.ഇ.യിൽ സൈക്കിൾയാത്രചെയ്ത മുഹമ്മദ് ഷമീറിനെ ആദരിച്ചു.
സ്നേഹസംഗമത്തോടനുബന്ധിച്ച സുവനീർ പ്രകാശനം സി.എ. മുഹമ്മദ് റഷീദിന് നൽകി യൂസഫലി നിർവഹിച്ചു. ലുലു എക്സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു ഇന്റർനാഷണൽ ഡയറക്ടർ എം.എ. സലീം, എം.എ. ഹാരിഫ് എന്നിവർ ആശംസകളർപ്പിച്ചു. പി.പി. രാജു സ്വാഗതവും ഗോപി വേളേക്കാട്ട് നന്ദിയുംപറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..