Caption
ഷാർജ : യു.എ.ഇയിൽ ഏറ്റവുംകുറവ് ജോലിസമയമുള്ള ഷാർജയിൽ ഉത്‌പാദനക്ഷമത 90 ശതമാനം വർധിച്ചതായി ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ (എസ്.ഇ.സി.) യോഗം വെളിപ്പെടുത്തി. ആഴ്ചയിൽ പ്രവൃത്തിദിനം നാലുദിവസമാക്കിയ ഷാർജയിൽ സന്തോഷം, സംതൃപ്തി എന്നിവയുടെ സൂചിക 90 ശതമാനം ഉയർന്നപ്പോൾ മെഡിക്കൽലീവ് 46 ശതമാനം കുറഞ്ഞു.
ഷാർജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലാണ് എസ്.ഇ.സി.യുടെ വെളിപ്പെടുത്തൽ.
ഷാർജയിലെ വിവിധസർക്കാർ വകുപ്പുകൾ കഴിഞ്ഞവർഷം ജനുവരിമുതൽ മൂന്നുദിവസത്തെ വാരാന്ത്യ അവധിയാണ് ജീവനക്കാർക്ക് നൽകിവരുന്നത്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. അതേസമയം ദുബായ്, അബുദാബി ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകൾ നേരത്തേ അവധി ദിവസമായിരുന്ന വെള്ളിയാഴ്ചയ്ക്കുപകരം ഞായറാഴ്ച അവധിയായി പ്രഖ്യാപിക്കുകയും വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി സമയമാക്കുകയും ചെയ്തു.
ഷാർജ ഭരണകൂടത്തിന്റെതീരുമാനം ഗുണംചെയ്തുവെന്നാണ് പുറത്തുവന്ന വിവരങ്ങൾവ്യക്താക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ചസേവനങ്ങളാണ് പുതിയ അവധിസമ്പ്രദായം നടപ്പായതിനുശേഷം ലഭിച്ചത്. ജീവനക്കാരുടെ ഹാജർനിരക്കിലും 74 ശതമാനം വർധനയുണ്ടായി. തൊഴിലും കുടുംബജീവിതവും സന്തുലിതമായി മുന്നോട്ടുപോകുന്നതിനാൽ മാനസികാരോഗ്യവും മെച്ചപ്പെട്ടു.
96 ശതമാനംപേരും വാരാന്ത്യ അവധി ആഘോഷമാക്കുന്നു. സാമൂഹികപരിപാടികളിലെ പങ്കാളിത്തം 70 ശതമാനം വർധിച്ചു. വ്യായാമം, പരിശീലനം എന്നിവയിൽ 62 ശതമാനം വർധന രേഖപ്പെടുത്തി.
52 ശതമാനംപേരും അവരുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സമയം കണ്ടെത്തുന്നതായി എസ്.ഇ.സി. യോഗത്തിൽ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..