ഷാർജ : താമസിക്കാനിടമില്ലാതെ ഷാർജയിലെ പൊതുപാർക്കുകളിൽ അഭയംതേടുന്നവരിൽ മലയാളികൾ വർധിക്കുന്നു. റോളയിലെ വിവിധ പാർക്കുകളിലാണ് വ്യത്യസ്തരാജ്യക്കാരായ പ്രവാസികളോടൊപ്പം മലയാളികളും കഴിയുന്നത്. ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണേറെയും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവർ പാർക്കുകളിൽ കഴിയുമ്പോൾ കൂട്ടത്തിൽ മലയാളികളുടെ എണ്ണവും വർധിക്കുന്നു. വീട്ടുജോലിക്കാർ ഉൾപ്പെടെ സ്പോൺസർമാരിൽനിന്നും ഒളിച്ചുകഴിയുന്നവരും വർഷങ്ങളായി വിസ, പാസ്പോർട്ട് ഇല്ലാത്തവരും സന്ദർശകവിസയിലെത്തിയവരുമെല്ലാം പാർക്കുകളിലുണ്ട്. വിസയുടെ കാലാവധിയുണ്ടെങ്കിലും ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവരും കുറവല്ല. പകൽനേരങ്ങളിൽ പാർക്കുകളിൽനിന്നും എങ്ങോട്ടെങ്കിലും മാറിനിൽക്കുന്നെങ്കിലും രാത്രിയോടെ എല്ലാവരും തിരിച്ചെത്തുകയാണ് രീതി. പാർക്കുകളിൽ വ്യായാമത്തിനെത്തുന്നവരോട് മലയാളികളുൾപ്പെടെയുള്ളവർ പണംചോദിക്കുന്നതും പതിവാണ്.
ഇത്തരത്തിലാണ് പലരും ആഹാരത്തിനും വക കണ്ടെത്തുന്നത്. പാർക്കുകളിൽ കഴിയുന്നവരെ സഹായിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് മുന്നോട്ടുവരണമെന്നാണ് മറ്റുപ്രവാസികൾ ആവശ്യപ്പെടുന്നത്.
വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും നിരവധിയാണ്. ഇന്ത്യൻ അസോസിയേഷൻ അടക്കമുള്ള സംഘടനകൾക്ക് സഹായിക്കുന്നതിന് പരിമിതിയുണ്ടെന്നാണ് ഭാരവാഹികൾ പറയുന്നത്. ഷാർജയിലെ ഒട്ടേറെ സംഘടനകൾ പാർക്കുകളിൽ കഴിയുന്നവർക്ക് ആഹാരമെത്തിക്കുകയും ചെയ്യുന്നുണ്ട്. രോഗം പിടിപെട്ടവർക്ക് ചികിത്സാസൗകര്യംകൂടി അത്യാവശ്യമാണെന്ന് സംഘടനാനേതാക്കൾ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..