ഷാർജ : വ്രതാനുഷ്ഠാനത്തിന്റെ റംസാൻ ദിനങ്ങൾക്ക് ഇനി 10 നാൾ മാത്രം. ഈ മാസം 23 - നാണ് പുണ്യമാസം ആരംഭിക്കുന്നത്. മനസ്സുംശരീരവും ഉപവാസത്തിനും പ്രാർഥനകൾക്കുമായി വിശ്വാസികൾ പാകപ്പെടുത്തിക്കഴിഞ്ഞു. യു.എ.ഇ. യിലെങ്ങും ഇഫ്‌താർ സംഗമങ്ങൾക്കുള്ള ഒരുക്കവും തുടങ്ങി. ഇഫ്‌താർ എണ്ണം കൂടുന്നതിനനുസരിച്ച് യു.എ.ഇ യിൽ സ്ഥലസൗകര്യങ്ങളൊരുക്കുന്ന തിരക്കിലാണ് സംഘടനകൾ.
ഹാൾ ലഭിക്കാത്ത സംഘടനകൾ പാർക്കുകളിലുംമറ്റുമാണ് ഇഫ്‌താർ ഒരുക്കുന്നത്. ഇഫ്‌താർ സംഗമങ്ങളിൽ മത പ്രബോധനങ്ങൾക്കായി കേരളത്തിൽനിന്ന് ഒട്ടേറെ പ്രഭാഷകരും യു.എ.ഇ. യിലെത്തുന്നുണ്ട്. റംസാൻ ആരംഭിച്ച് ആദ്യ 10 ദിനങ്ങൾക്കുള്ളിലാണ് യു.എ.ഇ. യിൽ കൂടുതൽ ഇഫ്‌താറുകളും സംഘടിപ്പിക്കുന്നത്. നോമ്പുതുറയുടെ ഭാഗമായുള്ള പ്രാർഥനകളിൽ ഇതര മതവിശ്വാസികളും പങ്കെടുക്കാറുണ്ട്. പുണ്യമാസത്തിൽ ഒരുമയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് വിശ്വാസികളുടെ പ്രധാനലക്ഷ്യം.
റംസാൻ ആരംഭിച്ച് ഒരുമാസക്കാലം ഇസ്‌ലാമിക വിശ്വാസങ്ങളിൽ അധിഷ്ഠിതമായ പ്രഭാഷണങ്ങളും ഒത്തുകൂടലും പ്രാർഥനകളും മാത്രമായിരിക്കും ഉണ്ടാവുക. സാമൂഹിക മാധ്യമങ്ങൾവഴിയും ഇഫ്‌താർ സംഗമങ്ങളുടെ അറിയിപ്പുകളും പ്രബോധനങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാനാണ് സംഘടനകളുടെ ശ്രമം. യു.എ.ഇ. യിലെ ഇന്ത്യൻ അസോസിയേഷനുകളടക്കമുള്ള വലിയ സംഘടനകൾ ഇഫ്‌താർ സംഗമങ്ങളുടെ ദിവസങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. നോമ്പുതുറയിലെത്തുന്നവർ ഭക്ഷണം പാഴാക്കിക്കളയരുതെന്ന കർശനമായ നിർദേശവുമുണ്ട്. യു.എ.ഇ. സർക്കാരും ഭക്ഷണം പാഴാക്കുന്നതിനെതിരെ ബോധവത്കരണം നടത്താറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..