ഷാർജ : റഷ്യ-യുക്രൈൻ യുദ്ധംതുടങ്ങിയിട്ട് ഒരുവർഷം പിന്നിടുമ്പോഴും യുദ്ധം കാരണം പഠനംമുടങ്ങിയ യു.എ.ഇ. യിലെ ഭൂരിഭാഗം വിദ്യാർഥികളും ഇപ്പോഴും പ്രതിസന്ധിയിലാണ്.
യുക്രൈനിൽ പഠിക്കുന്ന യു.എ.ഇ. യിലെ മലയാളി മെഡിക്കൽ വിദ്യാർഥികൾക്കാണ് തുടർപഠനത്തിന് വഴിയില്ലാതെയായത്. എന്നാൽ അവസാനവർഷ മെഡിക്കൽ വിദ്യാർഥികളിൽ ചിലരെല്ലാം യുക്രൈനിലേക്ക് തിരിച്ചുപോയിട്ടുണ്ട്. പഠനം മുടങ്ങിയ യു.എ.ഇ. യിലെ മലയാളി വിദ്യാർഥികളിൽ പലരും മറ്റു കോഴ്സുകളിലേക്കും മാറിയിട്ടുണ്ട്. ചിലരെല്ലാം തുടർപഠനത്തിനായി യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പ്രവേശനം നേടിയിരുന്നു. യുക്രൈനിലേക്ക് തിരിച്ചുപോയി പഠനം തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പലരും.
യുക്രൈനിൽനിന്ന് തിരിച്ചെത്തിയ ഷാർജയിലെ കൊല്ലം സ്വദേശിയായ സിദ്ധാർഥ് എന്ന വിദ്യാർഥി നീറ്റ് അടക്കമുള്ള പരീക്ഷയെഴുതി മറ്റിടങ്ങളിൽ പ്രവേശനം തേടാനുള്ള ശ്രമത്തിലാണ്. ഇത്തരത്തിൽ ഒട്ടേറെ മലയാളി വിദ്യാർഥികൾ ഇന്ത്യയിലെ മറ്റു കോളേജുകളിൽ പ്രവേശനം നേടിയിട്ടുമുണ്ട്.
യുക്രൈനിലെ വിവിധ സർവകലാശാലകളിൽ പഠിച്ച മെഡിക്കൽ വിദ്യാർഥികൾ പലരും ജോർജിയയിൽ തുടർപഠനത്തിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. സെമസ്റ്റർ നഷ്ടപ്പെടാതെ ജോർജിയ സർവകലാശാലകളിൽ പഠനം തുടരാനുള്ള തയ്യാറെടുപ്പിലാണ് മറ്റു മലയാളി വിദ്യാർഥികളും. അടുത്തിടെ ഇന്ത്യയിൽനിന്ന് 1200 മെഡിക്കൽ വിദ്യാർഥികൾ ജോർജിയയിലേക്ക് പോയിക്കഴിഞ്ഞു. അടുത്തുതന്നെ യു.എ.ഇ.യിൽനിന്ന് കൂടുതൽ മലയാളി വിദ്യാർഥികൾ ജോർജിയയിലേക്ക് തുടർപഠനത്തിനുപോകാനുള്ള തയാറെടുപ്പിലാണെന്നാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..