ശൈഖ് ഹംദാന്റെ മൂന്നാമത്തെ കുഞ്ഞിനെ താലോലിക്കുന്ന ശൈഖ് മുഹമ്മദ്
ദുബായ് : വീട്ടിലെത്തിയ കുഞ്ഞതിഥിയെ താലോലിക്കുന്ന ഭരണാധികാരിയുടെ ചിത്രം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്നാമത്തെ കുഞ്ഞിനെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ശൈഖ് ഹംദാന് കഴിഞ്ഞമാസമാണ് മൂന്നാമത് കുഞ്ഞ് പിറന്നത്. ഭരണാധികാരി കുഞ്ഞിനെ താലോലിക്കുന്ന ചിത്രം ശൈഖ് ഹംദാൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ശൈഖ് ഹംദാനെയും ചിത്രത്തിൽ കാണാം. ദൈവം അവരെ സംരക്ഷിക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് ഹംദാൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒറ്റ ചിത്രത്തിൽ ദുബായ് രാജകുടുംബത്തിലെ മൂന്ന് തലമുറയാണുള്ളത്. ശൈഖ് ഹംദാനും കുഞ്ഞും മാത്രമിരിക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
2021 മേയ് 21- ന് ഹംദാന് ഇരട്ടക്കുട്ടികൾ പിറന്നിരുന്നു. ശൈഖ, റാഷിദ് എന്നിങ്ങനെയാണ് ഇവർക്ക് പേരിട്ടിരിക്കുന്നത്. ഹംദാന്റെ മകൻ റാഷിദ് യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു. ശൈഖ് ഹംദാൻ പതിവായി തന്റെ സമൂഹമാധ്യമപേജുകളിൽ കുടുംബത്തിലെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അദ്ദേഹത്തിന് 15.4 ദശലക്ഷത്തിലേറെ ഫോളോവേഴ്‌സ് ആണുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..