യു.എ.ഇ.യിലെ മാലിന്യസംസ്‌കരണപ്ലാന്റ് ലോകനിലവാരത്തിലേക്ക്


ഷാർജയിൽ പ്രവർത്തിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റ്

ഷാർജ : ബ്രഹ്മപുരം സംഭവം ആവർത്തിക്കാതിരിക്കാൻ കേരളം ആദ്യം കണ്ടുപഠിക്കേണ്ടത് യു.എ.ഇ. യിലെ അതിനൂതന സാങ്കേതിക സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയാണ്. മധ്യപൂർവ രാജ്യങ്ങളിൽതന്നെ ആദ്യത്തെയും മികച്ചനിലവാരമുള്ളതുമായ മാതൃകാപദ്ധതിയാണ് യു.എ.ഇ യിലേത്. മാലിന്യം സംസ്കരിക്കാനും ശേഷം പുനരുപയോഗ സാധ്യമാക്കാനും ആധുനികസംവിധാനങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. മാലിന്യമുക്ത യു.എ.ഇ. യുടെ പ്രധാനകാരണം ലോകോത്തരനിലവാരമുള്ള സംസ്കരണ പദ്ധതികളാണ്. അതിൽ പ്രധാനപ്പെട്ട മാലിന്യസംസ്കരണ പദ്ധതിയാണ് ഷാർജയിൽ പ്രവർത്തിക്കുന്നത്.

ഷാർജ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ബിആയും പാരമ്പര്യേതര പുനരുപയോഗ ഊർജരംഗത്തുള്ള മസ്ദാറും ചേർന്നാണ് ഒരുവർഷംമുമ്പ് പ്ലാന്റ് നിർമിച്ചത്. സംസ്കരിച്ച മാലിന്യം പുനരുപയോഗത്തിന് സാധ്യമാക്കുന്നതോടൊപ്പം ബാക്കിവരുന്നവ വൈദ്യുതി ഉത്പാദനത്തിന് ഉപകരിക്കുകയും ചെയ്യുന്നു. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഷാർജ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. ശേഖരിച്ച മാലിന്യത്തിൽ മുക്കാൽഭാഗവും സംസ്കരിച്ച് പുനരുപയോഗമാകുമ്പോൾ കാൽഭാഗത്തിൽനിന്ന്‌ വൈദ്യുതി ഉത്പാദിപ്പിക്കുകയാണിവിടെ. ഖരമാലിന്യം പ്രത്യേക സംവിധാനങ്ങളിലൂടെ വേർതിരിച്ച് സംസ്കരിച്ചശേഷം പുനരുപയോഗമാക്കുമ്പോൾ മറ്റുള്ളവ ചൂളയിൽ കത്തിച്ചശേഷം ലഭിക്കുന്ന വാതകമുപയോഗിച്ച് നീരാവിയാക്കി ടർബയിൻവഴി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ്. ഇങ്ങനെ ഒരേസമയം 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഷാർജയിലെ മാലിന്യസംസ്കരണ പ്ലാന്റിന് സാധിക്കും.

പ്രതിവർഷം 3,00,000 ടൺ മാലിന്യം പുനരുപയോഗത്തിനും വൈദ്യുതിക്കുമായി ഉപയോഗിക്കാൻ സാധിക്കുന്നു. ഷാർജയിൽ ഏകദേശം 30,000 വീടുകൾക്ക് ഇത്തരത്തിൽ വൈദ്യുതി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കണക്ക്. കൂടാതെ വർഷത്തിൽ 45 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം നൽകാനും ഷാർജയിലെ പ്ലാന്റിന് സാധിക്കും. ഷാർജയിൽ മാലിന്യനിർമാർജനം നൂറുശതമാനമാക്കാനും സംസ്കരണ പദ്ധതിയിലൂടെ കഴിയുന്നു. ഒട്ടേറെ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ ഷാർജയിലെ മാലിന്യസംസ്കരണപദ്ധതി നേരിട്ട് കാണാനും പ്രവർത്തനങ്ങൾ പഠിക്കാനുമായി എത്തുന്നുണ്ട്. ജനബാഹുല്യവും വിപണികളും വർധിക്കുന്നതോടെ മാലിന്യ സംസ്കരണരീതികളും കൂടുതൽ പുരോഗതി പ്രാപിക്കേണ്ടിയിരിക്കുന്നു. അത് മുൻകൂട്ടിക്കണ്ടാണ് യു.എ.ഇ. യിൽ പ്ലാന്റ് പ്രവർത്തനമാരംഭിച്ചത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..