ഷാർജ : വിവരസാങ്കേതിക മേഖലയിലടക്കം സ്വകാര്യ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് കേരളത്തിൽ കാത്തിരിക്കുന്നതെന്ന് കേരള നോളജ് ഇക്കോണമിമിഷൻ (കെ.കെ.ഇ.എം.) പ്രോഗ്രാംമേധാവി ബിജു സോമൻ. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ. കെ.) യുടെ ഭാഗമായാണ് കേരളത്തിൽ കെ.കെ.ഇ.എം. പ്രവർത്തിക്കുന്നത്. അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങളൊരുക്കുകയാണ് ലക്ഷ്യം.
‘വർക്ക് ഫ്രം ഹോം’ പ്രവണത സാധാരണയായതിനാൽ വിദേശത്തിരുന്നും കേരളത്തിലെ ജോലിചെയ്യാനുള്ള സൗകര്യമുണ്ട്. പ്രവാസി മലയാളികൾക്കും ഐ.സി.ടി. എ.കെ.-കെ.കെ.ഇ.എം. മുഖേന കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽനേടാനുള്ള സാഹചര്യമാണ് രണ്ടാം പിണറായി സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് ബിജു സോമൻ പറഞ്ഞു. തൊഴിലധിഷ്ഠിത നൈപുണി കോഴ്‌സുകളും സർക്കാർ മേൽനോട്ടത്തിൽ നൽകുന്നു. കേരള ലൈഫ് മിഷൻ പദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന പദ്ധതി സാക്ഷാത്‌കരിക്കുമ്പോൾ കേരള നോളജ് ഇക്കോണമി മിഷൻ എല്ലാവർക്കും തൊഴിൽസാഹചര്യമൊരുക്കുകയാണ്. 2026-ആകുമ്പോഴേക്കും കേരളത്തിൽ 20 ലക്ഷംപേർക്ക് തൊഴിൽ നൽകുകയെന്നതാണ് കെ.കെ.ഇ.എം. പദ്ധതി. മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന പദ്ധതിയിൽ ഇതുവരെയായി 14 ലക്ഷം ഉദ്യോഗാർഥികൾ രജിസ്റ്റർചെയ്തിട്ടുണ്ട്. കൂടാതെ വിദേശകമ്പനികളും തങ്ങളുടെ തൊഴിൽസാധ്യതകൾ കെ.കെ. ഇ.എം.നിൽ അറിയിച്ചിട്ടുണ്ട്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ പോർട്ടൽവഴിയാണ് രജിസ്‌ട്രേഷൻ സ്വീകരിക്കുന്നത്. 18 വയസ്സുമുതൽ 59 വയസ്സുവരെയുള്ളവർക്ക് പോർട്ടലിൽ പേര് രജിസ്റ്റർചെയ്യാം. കേരളത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേളകളും കെ.കെ.ഇ.എം. പോർട്ടലിൽ രേഖപ്പെടുത്തിയിരിക്കും.
സൗജന്യ സ്കോളർഷിപ്പ് പദ്ധതികളും വിവിധ കമ്പനികളിലെ ഇന്റേൺഷിപ്പുകളും കെ.കെ.ഇ.എം. വഴി ലഭ്യമാകും. വെർച്വൽ തൊഴിൽ അഭിമുഖത്തിനും സൗകര്യമുണ്ട്. കുടുംബശ്രീ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴിയും കെ.കെ.ഇ.എം. വിവരങ്ങൾ നൽകുന്നു. 14,000 പേർക്ക് ഇതുവരെയായി കെ.കെ.ഇ.എം. വഴി തൊഴിൽനൽകിയിട്ടുണ്ടെന്ന് ബിജു സോമൻ അറിയിച്ചു. മാസ് ഷാർജയുടെ മുൻ ഭാരവാഹികൂടിയായിരുന്നു ബിജു സോമൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..