അബുദാബി : യു.എ.ഇ. യിലെ ആരോഗ്യപ്രവർത്തകർ വ്യക്തിഗത പരസ്യ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് നിരോധിക്കുന്ന കരട് നിയമം പാസാക്കിയതായി ഫെഡറൽ നാഷണൽ കൗൺസിൽ അധികൃതർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യക്തിഗത പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽനിന്ന് ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഒഴികെയുള്ള രാജ്യത്തെ എല്ലാ ആരോഗ്യ പ്രവർത്തകരും വിട്ടുനിൽക്കണമെന്നാണ് അധികൃതരുടെ നിർദേശം. ഫെഡറൽ നാഷണൽ കൗൺസിലാണ് ഇത് സംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകിയത്.
സമൂഹത്തിന് മികച്ച ആരോഗ്യസേവനങ്ങൾ നൽകുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗികളോടുള്ള ആരോഗ്യ വിദഗ്ദ്ധരുടെ കടമകൾ വ്യക്തമാക്കുന്ന 15 ധാർമിക ആവശ്യകതകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക ഉത്പന്നങ്ങളോ മരുന്നുകളോ വിൽക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്.
ജോലിചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ഔദ്യോഗിക പരിധിക്കുള്ളിൽനിന്നുകൊണ്ട് മാത്രം പ്രവർത്തിക്കുക, ജോലി സംബന്ധമായ ഫെഡറൽ, പ്രാദേശിക നിയമവ്യവസ്ഥകൾ അറിഞ്ഞിരിക്കുക, നിയമ ഭേദഗതികൾ പാലിക്കുക, രോഗിക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കാൻ സത്യസന്ധതയോടെ പെരുമാറുക, നിയമവിരുദ്ധമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ രോഗികളെ ചൂഷണം ചെയ്യാതിരിക്കുക, തൊഴിലിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുക, സഹപ്രവർത്തകരുമായി സൗഹൃദപരമായ ആശയവിനിമയം നടത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ പെരുമാറ്റച്ചട്ടം നിർബന്ധമായും പിന്തുടരണം. രോഗിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
ആരോഗ്യ പ്രവർത്തകർ മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയിരിക്കുകയും വേണം. വിവേചനമില്ലാതെ എല്ലാ രോഗികളെയും ഒരുപോലെ പരിപാലിക്കാൻ എല്ലാ ആരോഗ്യപ്രവർത്തകരും അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ പറഞ്ഞു. വ്യവസ്ഥകൾ പാലിക്കാത്തവരുടെ പ്രവർത്തനാനുമതി റദ്ദാക്കുന്നതുൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..