ടെലിഹെൽത്ത് സേവനങ്ങൾക്ക് മികച്ച സ്വീകാര്യത : ആരോഗ്യകേന്ദ്രങ്ങൾ വിദൂരസേവനങ്ങൾ ലഭ്യമാക്കണം


1 min read
Read later
Print
Share

ദുബായ് : ഈ വർഷാവസാനത്തോടെ യു.എ.ഇ.യിലെ എല്ലാ ആരോഗ്യസേവനകേന്ദ്രങ്ങളും നിർബന്ധമായും ഒരു വിദൂരസേവനമെങ്കിലും ലഭ്യമാക്കണമെന്ന് ആരോഗ്യ രോഗപ്രതിരോധമന്ത്രാലയം (മൊഹാപ്) അധികൃതർ വ്യക്തമാക്കി. പ്രാഥമികചികിത്സ നൽകുക, രോഗമുക്തിക്കായി മരുന്നുകൾ നിർദേശിക്കുക, പ്രധാന രോഗലക്ഷണങ്ങൾ നിരീക്ഷിക്കുക, റോബോട്ടുകൾ ഉപയോഗിച്ച് ശസ്ത്രക്രിയകൾ നടത്തുക തുടങ്ങിയ നാലുസേവനങ്ങളിൽ ഏതെങ്കിലും ഒന്ന് വിദൂരമായി നൽകണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഈ വർഷമവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയത്തിലെ ഡിജിറ്റൽ ആരോഗ്യ വകുപ്പിലെ സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് വിഭാഗം മേധാവി ശൈഖ ഹസൻ മൻസൂരി പറഞ്ഞു.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ നടന്ന ‘വിദൂര’ സമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ആരോഗ്യകേന്ദ്രങ്ങളും അവർക്ക് നൽകാൻകഴിയുന്ന സേവനങ്ങളെക്കുറിച്ച് മന്ത്രാലയത്തിൽ റിപ്പോർട്ട് സമർപ്പിക്കണം. ആശുപത്രികളിലെ കാത്തിരിപ്പുസമയം കുറയ്ക്കാനും അതിവേഗം പരിചരണം ലഭിക്കുന്നതിലൂടെ രോഗാമുക്തി എളുപ്പമാക്കാനും ഇതുവഴി സാധിക്കും. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഉന്നതഗുണനിലവാരമുള്ള സേവനങ്ങൾ എത്തിക്കാനുള്ള മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ തീരുമാനം.

വിവിധ കാരണങ്ങളാൽ ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കാത്തവർക്ക് അത്യാധുനിക ആരോഗ്യസേവനങ്ങൾ ഉറപ്പാക്കാനാണ് നിയമനിർമാണം നടപ്പാക്കുന്നത്. നിലവിലെ വിദൂര ആരോഗ്യസേവനങ്ങൾ നിയന്ത്രിക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിയമനിർമാണം ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ. ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുമ്പോൾ അവ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.

നിലവിൽ യു.എ.ഇ.യിൽ നടപ്പാക്കുന്ന ടെലിഹെൽത്ത് സേവനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. യൂസഫ് അൽ സെർക്കൽ വ്യക്തമാക്കി. ഓൺലൈൻ ആരോഗ്യസേവനങ്ങളുടെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സേവനങ്ങൾ വിപുലീകരിക്കാനുള്ള തീരുമാനം മന്ത്രാലയം കൈക്കൊള്ളുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..