ദുബായ് : റംസാൻമാസത്തിൽ ഭക്ഷണക്കിറ്റുകൾ വിതരണംചെയ്യുന്നവർ മുൻകൂട്ടി അനുമതി നേടിയിരിക്കണമെന്ന് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് (ഐ.എ.സി.എ.ഡി.) അറിയിച്ചു. ഔദ്യോഗിക അനുമതിയില്ലാതെ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നത് 5000 ദിർഹംമുതൽ 10,000 ദിർഹംവരെ പിഴയും ഒരുമാസംമുതൽ ഒരുവർഷംവരെ ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
ഐ.എ.സി.എ.ഡി.യുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ 800600 എന്ന നമ്പറിലൂടെയോ അനുമതിക്കായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം എമിറേറ്റ്‌സ് ഐഡി, ഭക്ഷണം വിതരണംചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം, ഭക്ഷണം സ്പോൺസർചെയ്യുന്ന റെസ്റ്റോറന്റിന്റെ പേര് തുടങ്ങിയവിവരങ്ങളും ഉൾപ്പെടുത്തണം. വിതരണംചെയ്യുന്ന ഭക്ഷ്യവിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. അടുപ്പമുള്ളവർക്കായി ചെറിയരീതിയിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിനും വിശ്വാസികൾക്ക് നോമ്പ് തുറക്കാനായി ഭക്ഷണവും വെള്ളവും നൽകുന്നതിനും അനുവാദം ആവശ്യമില്ല. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെയുംമറ്റും പരസ്യപ്പെടുത്തിക്കൊണ്ട് ഭക്ഷണം വിതരണംചെയ്യുന്നതിന് അനുമതി നിർബന്ധമാണ്. യു.എ.ഇ.യിലെ അംഗീകൃത ചാരിറ്റി സംഘടനകൾ മുഖാന്തരം ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താമെന്നും ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മുഹമ്മദ് ദഹി പറഞ്ഞു. എമിറേറ്റിന്റെ വിവിധയിടങ്ങളിലായി 22 ഇഫ്താർ തമ്പുകൾക്ക് ഐ.എ.സി.എ.ഡി. അനുമതി നൽകിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..