Caption
ദുബായ് : സത്യത്തോടൊപ്പം സഞ്ചരിക്കുക, സത്യം പറയുക, ഏതു പ്രതിസന്ധിയിലും സത്യത്തിന്റെ കൂടെ നിൽക്കുക എന്ന ധർമമാണ് മാതൃഭൂമിയെ ഇന്നും ഉന്നതിയിൽ നിലനിർത്തുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ക്ലബ്ബ് എഫ്.എം. 99.6 കാർണിവൽ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി പത്രം കൈയിൽപിടിച്ചുകൊണ്ട് പ്രത്യേക മാജിക്കും അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു.
കെ.പി. കേശവമേനോൻ അടക്കമുള്ള എത്രയോ മഹാരഥൻമാർ ഉന്നതസ്ഥാനങ്ങളിലിരുന്നു നയിച്ചതുകൊണ്ടാണ് ഇന്ന് മാതൃഭൂമി പത്രവും ചാനലും ക്ലബ്ബ് എഫ്.എമ്മും എത്രയോപേരുടെ ഹൃദയത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. സത്യം എവിടെ ഇല്ലാതാകുന്നുവോ അവിടെ നമ്മൾ കീറിമുറിക്കപ്പെടും. സത്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു പ്രസ്ഥാനം നിലനിൽക്കുമ്പോൾ ആ പ്രസ്ഥാനത്തെ ഒരിക്കലും കീറിമുറിക്കാൻ സാധിക്കില്ല. പക്ഷേ, സത്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ദൈവം ആദ്യമായി സൃഷ്ടികൾ നടത്താൻ തീരുമാനിച്ചപ്പോൾ അദ്ദേഹം ഒരു ഓഫീസ് ഭൂമിയിൽ തുറന്നു. കാരണം, ഭൂമിയിലാണ് ആദ്യമായി സൃഷ്ടി നടക്കുന്നത്. അതിന്റെ ഉന്നതസ്ഥാനങ്ങളിൽ കുറെ ഉപദേശകസമിതിയെ നിർമിച്ചു. അവരെല്ലാംകൂടി ചർച്ചചെയ്തുകൊണ്ട് ഓരോ കാര്യങ്ങളുടെ സൃഷ്ടികർമങ്ങൾ തുടങ്ങാൻവേണ്ടി ദൈവം തീരുമാനിച്ചു. ആറാംദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ് പറയുന്നത്. പിന്നീടെപ്പോഴോ മനുഷ്യൻ മണ്ണുപയോഗിച്ച് ദൈവത്തെ ഉണ്ടാക്കാൻ തുടങ്ങി. അതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അതുമാറി സത്യവും സ്നേഹവും മുന്നോട്ടുവന്നേതീരുവെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ജനറൽ മാനേജർ പി.എസ്. ശ്രീകുമാർ, ഡോ. ടി.പി. ഹുസൈൻ (ഫാത്തിമ ഗ്രൂപ്പ്) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..