സാമ്പത്തിക തട്ടിപ്പുകൾക്കെതിരേ ജാഗ്രതവേണം


1 min read
Read later
Print
Share

ദുബായ് : സാമ്പത്തികവിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഫോൺകോളുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ഓർമിപ്പിച്ചു. എ.ടി.എം. കാർഡിന്റെ സെക്യൂരിറ്റി കോഡ്, ഒ.ടി.പി. തുടങ്ങിയ ബാങ്ക് വിശദാംശങ്ങൾ അപരിചിതരുമായി പങ്കിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ബാങ്ക് ജീവനക്കാരെന്ന വ്യാജേന ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘത്തെക്കുറിച്ച് ഒട്ടേറെ പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അംഗീകൃതബാങ്കുകൾ ഒരിക്കലും ഇത്തരം കാര്യങ്ങൾ ഫോണിലൂടെ ചോദിക്കില്ലെന്നും അധികൃതർ ഓർമിപ്പിച്ചു.

വ്യാജ ഫോൺകോളുകളുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ പോലീസ് കാമ്പയിൻ ആരംഭിച്ചതായി ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ മേജർ ജനറൽ സലേം അൽ ജല്ലാഫ് പറഞ്ഞു.

ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന ഫോൺ കോളുകൾ തട്ടിപ്പാണെന്ന് തിരിച്ചറിയണം. സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ പോലീസിന്റെ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്പ്, പോലീസ് ഐ സേവനം എന്നിവയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അൽ ജല്ലാഫ് നിർദേശിച്ചു.

എമിറേറ്റിലെ പ്രധാന റോഡുകൾ, താമസപ്രദേശങ്ങൾ, 20 സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ, എ.ടി.എമ്മുകൾ, വിമാനത്താവളത്തിലെ സ്‌ക്രീനുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കാനും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനുമുള്ള പോലീസിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിനെന്ന് കമ്യൂണിറ്റി ഹാപ്പിനെസ് ജനറൽ ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി അവേർനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബുട്ടി അഹമ്മദ് ബിൻ ദർവിഷ് അൽ ഫലസി വ്യക്തമാക്കി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..