Caption
ദുബായ് : മാതൃഭൂമി ക്ലബ്ബ് എഫ്.എം. കാർണിവലിൽ രുചിഭേദങ്ങളുടെ കലവറകൾ തേടിയെത്തിയവരേറെ. വിശാലമായ സൗകര്യങ്ങളുള്ള ഫുഡ് കോർണറിൽ ലോകത്തിലെ വ്യത്യസ്തരുചികൾ ആസ്വദിച്ച് സന്ദർശകർ സന്തോഷംരേഖപ്പെടുത്തി. കേരളീയരുചി നൽകുന്ന തനി നാടൻതട്ടുകട മുതൽ മുന്തിയവിഭവങ്ങൾ ലഭ്യമായ റെസ്റ്റോറന്റുകൾവരെ കാർണിവൽ നഗരിയിൽ പ്രവർത്തിച്ചു. മൂന്നുദിവസവും ഉച്ചമുതൽ അർധരാത്രിവരെ ഫുഡ് കോർണറിൽ തിരക്കനുഭവപ്പെട്ടു. നാടൻചായയും എണ്ണ പലഹാരങ്ങളുംതൊട്ട് ഫൈവ്സ്റ്റാർ ബിരിയാണിയും യൂറോപ്യൻ വിഭവങ്ങളുംവരെ നന്നായി വിറ്റഴിഞ്ഞു. പലതരം ചായ, ജ്യൂസ്, ഐസ്‌ക്രീം, മധുര പലഹാരങ്ങൾ, സാൻഡ്‌വിച്ച് എന്നിവയുള്ള സ്റ്റാളുകളിലും തിരക്കുണ്ടായി. റെഡി മിക്സ് ജ്യൂസ് കൂടാതെ ലൈവ് ജ്യൂസിനും ആവശ്യക്കാരേറെയായിരുന്നു.
ഷാക്കിറിന്റേത് ആത്മവിശ്വാസത്തിന്റെ വിജയം
അജ്മാൻ : ഹബ്മ്രാ, മുഹല്ലബിആ, സഹല്ലബ്, സ്‌ട്രോബറി ടീ, ഫോറസ്റ്റ് ഫ്രൂട്ട്, സാത്തർ ടീ, ജാസ്മിൻ, ലെമൻ, സിനോമൺ തുടങ്ങി 17-തരം വ്യത്യസ്തമായ ചായകൾ. അറബ് നാട്ടിലെ ചായകളുടെ ഈ കണ്ടുപിടിത്തത്തിന് പിറകിൽ ഒരു മലയാളിയാണ്. മലപ്പുറം തിരൂർ സ്വദേശി ഷാക്കീർ. മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 കാർണിവൽ വേദിയിലെത്തിയവർ സുഖമുള്ള കടൽക്കാറ്റേറ്റ് ഷാക്കീറിന്റെ റിയൽ കരക് കഫേയിൽനിന്ന് വ്യത്യസ്തമായ ചായകളുടെ രുചിയറിഞ്ഞു. കരക് ചായയ്ക്കുതന്നെയാണ് പ്രാധാന്യമെങ്കിലും ഏതാണ്ട് എല്ലാ വിഭവങ്ങളും റിയൽ കരക് കഫേയിലുണ്ട്. ആരോഗ്യകരമായ പഴങ്ങളും പലവ്യജ്ഞനങ്ങളും ചേർത്ത ചായയാണ് ഇവിടത്തെ പ്രത്യേകത.
19-ാമത്തെ വയസ്സിലാണ് ഷാക്കീർ യുഎ.ഇ.യിലേക്ക് ചേക്കേറുന്നത്. അബുദാബിയിൽ നാദാപുരത്തുകാരന്റെ കഫ്റ്റീരിയയിലായിരുന്നു ആദ്യകാലത്ത് ജോലി. അവിടെ എല്ലാ ജോലിയും ചെയ്തു. പിന്നീട് ഒരു സുഹൃത്തുമായി പാർട്ണർഷിപ്പിൽ കഫ്റ്റീരിയ തുടങ്ങി. അവിടെയും എല്ലാ ജോലിയിലും ഷാക്കീർ മുന്നിൽനിന്നു. ആയിടയ്ക്കാണ് കഫെയിലെത്തിയ ഒരു ഇമിറാത്തി ഷാക്കീറിനെ തന്റെ സഹോദരിയുടെ കഫേയിലേക്ക് ജോലിക്കായി ക്ഷണിക്കുന്നത്. ശമ്പളവും ജോലിസ്ഥലവും ഇഷ്ടപ്പെട്ടതോടെ രണ്ട് വർഷത്തോളം ശൈഖ് സായിദ് യൂണിവേഴ്‌സിറ്റിയിലെ കഫേയിൽ ജോലിചെയ്തു. അതിനിടെ ഒരു സുഹൃത്തുമായി വീണ്ടും പാർട്ണർഷിപ്പിൽ മറ്റൊരുകഫെയും ആരംഭിച്ചു. ഇത്രയുംവർഷത്തെ അനുഭവപരിചയമാണ് ഇന്ന് റിയൽ കരക് കഫേ എന്ന സ്വന്തമായ സംരംഭത്തിലേക്ക് ഈ യുവാവിനെ എത്തിച്ചത്.
സ്വന്തമായി ഒരു ബ്രാൻഡ് ഉണ്ടാക്കാൻ ഷാക്കീറിനെ പ്രേരിപ്പിച്ചത് അറബികൾക്ക് ചായയോടുള്ള പ്രിയം തന്നെയാണ്. 2019-ലാണ് റിയൽ കരക് കഫ്റ്റീരിയയുടെ പിറവി. വെറും നാലുവർഷം കൊണ്ട് സ്വദേശികൾക്കും വിദേശികൾക്കും പ്രിയപ്പെട്ട ഒന്നായിമാറി റിയൽ കരക് കഫേ. ചായ വാങ്ങുന്നവർക്ക് റിയൽ കരക് ടീ ഗ്ലാസ് കൂടി സൗജന്യമായി ലഭിക്കുമെന്ന് വന്നതോടെ കഫേ വൻ പ്രചാരം നേടി. ട്രെൻഡിന് അനുസരിച്ച് ബിസിനസ് രീതികൾ മാറ്റണം, മാറ്റങ്ങൾ കൊണ്ടുവരുന്നവർക്കേ വിജയമുള്ളൂ എന്ന് ഷാക്കീർ ആത്മവിശ്വാസത്തോടെ പറയുന്നു. അജ്മാനിൽ നാല് ഔട്ട്‌ലെറ്റുകളും ദുബായ് ജുമൈരറിയിൽ ഒന്നും റാസൽഖൈമയിൽ രണ്ടും ഔട്ട്‌ലെറ്റുകളുണ്ട്. അബുദാബി, ഫുജൈറ എന്നിവിടങ്ങളിൽ ഉടൻ ഔട്ട്‌ലെറ്റുകൾ തുടങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..