ദുബായ് : അധികാരപരിധിയിൽ മാതൃകാപരമായ സുരക്ഷ നിലനിർത്തിക്കൊണ്ട് അധികാരികളുടെ പ്രശംസ പിടിച്ചുപറ്റി അൽ ഫഖാ പോലീസ് സ്റ്റേഷൻ.
കഴിഞ്ഞ നാലുവർഷത്തിനിടെ സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്ത എല്ലാ കുറ്റകൃത്യങ്ങളും ഗതാഗത അപകടങ്ങളും പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടുണ്ട്.
പോലീസിലെ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി.) അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിൽ നടത്തിയ വാർഷിക പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അധികാരപരിധിയിൽ സുരക്ഷാമികവ് നിലനിർത്താനായി സ്റ്റേഷൻ നടത്തുന്ന ശ്രമങ്ങളെ അൽ മൻസൂരി പ്രശംസിച്ചു.
റിപ്പോർട്ടിങ് സൈറ്റുകളിൽ ഉദ്യോഗസ്ഥരുടെ 100 ശതമാനം സാന്നിധ്യം, അടിയന്തര കേസുകളോടുള്ള കുറഞ്ഞ പ്രതികരണസമയം തുടങ്ങി ഉദ്യോഗസ്ഥർ കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം സൂചിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണ സമയം 12 മിനിറ്റും 44 സെക്കൻഡുമായിരിക്കെ വെറും 11 മിനിറ്റ് അഞ്ച് സെക്കൻഡനുള്ളിൽ പ്രതികരണം ഉറപ്പാക്കാൻ സ്റ്റേഷന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷങ്ങളിൽ സ്റ്റേഷനിൽ ഫയൽ ചെയ്ത മുഴുവൻ കേസുകളിലും തീർപ്പ് കൽപ്പിക്കാൻ സാധിച്ചതും വലിയ നേട്ടമായാണ് കണക്കാക്കുന്നത്.
കഴിഞ്ഞ വർഷം ജീവനക്കാരുടെ തൊഴിൽ സംതൃപ്ത സൂചിക 99.9 ശതമാനമായി ഉയർന്നിരുന്നു. ദുബായ് പോലീസ് സ്റ്റേഷനുകളുടെ ഡയറക്ടർ ബോർഡിന്റെ പിന്തുണയോടെ ഫഖാ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ കാമ്പയിനുകളിലൂടെയും വിവിധ സംരംഭങ്ങളിലൂടെ കരസ്ഥമാക്കിയ നേട്ടങ്ങളും വാർഷിക റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..