വ്രതശുദ്ധിയുടെ നാളുകൾകാത്ത് യു.എ.ഇ.


1 min read
Read later
Print
Share

അബുദാബി : പുണ്യമാസത്തെ വരവേൽക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ യു.എ.ഇ.യിൽ പൂർത്തിയായിത്തുടങ്ങി. ഒട്ടുമിക്ക കച്ചവടകേന്ദ്രങ്ങളും റംസാൻ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ആളുകളെ ആകർഷിക്കാൻ അതിവിപുലമായ ശേഖരങ്ങളും വമ്പിച്ച വിലക്കിഴിവുകളും വാഗ്‌ദാനംചെയ്യുന്നുണ്ട്.

ലോകമെമ്പാടുമുള്ള വ്യത്യസ്തരുചികളും വൈവിധ്യമാർന്ന വിനോദപരിപാടികളും വിപുലമായ ഷോപ്പിങ് അനുഭവങ്ങളും നൽകാൻ പ്രത്യേക റംസാൻ വിപണികളും സജീവമായിക്കൊണ്ടിരിക്കുകയാണ്.

ദുബായ് എക്സ്‌പോ സിറ്റി, ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഷാർജ എക്സ്‌പോ സെന്റർ എന്നിവിടങ്ങളിലെ റംസാൻവിപണികൾ ഏവരെയും ആകർഷിക്കുന്നതാണ്. പുണ്യമാസത്തിന്റെ പാരമ്പര്യവും പൈതൃകവും കോർത്തിണക്കിക്കൊണ്ട് വ്യത്യസ്തമായ പ്രദർശനങ്ങളാണ് ഇവിടങ്ങളിൽ തയ്യാറാക്കിയിട്ടുള്ളത്.

വിശുദ്ധമാസത്തിന്റെ സംസ്കാരവും പാരമ്പര്യവും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലേക്കാണ് എക്സ്‌പോ സിറ്റിയിലെ ‘ഹായ് റംസാൻ’ സന്ദർശകരെ സ്വാഗതംചെയ്യുന്നത്. റംസാന്റെ യഥാർഥ ആശയം സന്ദർശകരിലേക്ക് പകരാൻ ഒട്ടേറെ വിനോദ-വിജ്ഞാന പ്രവർത്തനങ്ങളും അനുദിനം നടക്കുന്നുണ്ട്. സുഗന്ധദ്രവ്യങ്ങൾ, വസ്ത്രം, ആഭരണം, കരകൗശലവസ്തുക്കൾ എന്നിവയുടെ അതിഗംഭീരശേഖരം ഇവിടെ സന്ദർശകരെ കാത്തിരിപ്പുണ്ട്. അൽ വാസലിൽ നടക്കുന്ന പ്രത്യേക പ്രദർശനം ഉൾപ്പെടെ അടുത്തമാസം 25 വരെ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സന്ദർശകർക്ക് സൗജന്യമായി ആസ്വദിക്കാൻ സാധിക്കും.

ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ റംസാൻ നൈറ്റ് മാർക്കറ്റ് അടുത്തമാസം ഒൻപതുമുതൽ 18 വരെ നടക്കും. ദിവസേന വൈകീട്ട് അഞ്ചുമണിമുതൽ പിറ്റേദിവസം പുലർച്ചെ രണ്ടുമണിവരെ മാർക്കറ്റ് തുറന്നുപ്രവർത്തിക്കും.

ഷാർജ എക്സ്‌പോ സെന്ററിലെ റംസാൻ നൈറ്റ്സിന്റെ 40-ാം പതിപ്പ് അടുത്തമാസം അഞ്ചിന് ആരംഭിക്കും. അഞ്ച് ദിർഹമാണ് പ്രവേശന നിരക്ക്. ഏപ്രിൽ 21 വരെ നടക്കുന്ന പരിപാടികളിലേക്ക് 12 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ പ്രവേശനവും ലഭ്യമായിരിക്കും.

കഴിഞ്ഞ മൂന്നുവർഷം കോവിഡിനാൽ നിർത്തിവെച്ചിരുന്ന ഒത്തുചേരലുകളും ആരവങ്ങളും തിരിച്ചുപിടിച്ചുകൊണ്ട് പുണ്യമാസത്തിലെ ഓരോ വ്രതദിനങ്ങളും ആഘോഷമാക്കാൻ ഒരുങ്ങുകയാണ് വിശ്വാസികൾ.

പ്രാർഥനാവേളകളിൽ കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങളെല്ലാം മസ്ജിദുകളിൽ നടത്തുന്നുണ്ട്. വീടുകളിലും കടകളിലും അറ്റകുറ്റപ്പണികൾ നടത്തിയും അലങ്കാരവസ്തുക്കൾകൊണ്ട് മോടിപിടിപ്പിച്ചും വ്രതനാളുകൾക്കായി കാത്തിരിക്കുകയാണ് യു.എ.ഇ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..