അബുദാബി : യു.എ.ഇ. യിൽ റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ ചൊവാഴ്ച ചാന്ദ്ര നിരീക്ഷണ സമിതി യോഗം ചേരും. യു.എ.ഇ. നീതിന്യായവകുപ്പ് മന്ത്രി അബ്ദുള്ള സുൽത്താൻ ബിൻ അവാദ് അൽ നുഐമിയുടെ അധ്യക്ഷതയിൽ മഗ്‌രിബ് പ്രാർഥനയ്ക്ക് ശേഷമാണ് യോഗം ചേരുക.
രാജ്യത്തെ എല്ലാ ശരീഅത്ത് കോടതികളും മാസപ്പിറവി നിരീക്ഷിക്കുകയും അത് കണ്ടാൽ സമിതിയെ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ചൊവാഴ്ച മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ച മുതൽ റംസാൻ വ്രതം തുടങ്ങും. അല്ലെങ്കിൽ വ്യാഴാഴ്ചയായിരിക്കും പുണ്യമാസം ആരംഭിക്കുക.
വിശുദ്ധ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയുൾപ്പടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാന തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി ആഹ്വാനം ചെയ്തു.
നഗ്നനേത്രങ്ങൾകൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി കണ്ടാൽ വിവരം അടുത്തുള്ള കോടതിയിലോ ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിലോ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
അതേസമയം, ഗൾഫ് രാജ്യങ്ങളിലെല്ലാം റംസാൻ ആരംഭം വ്യാഴാഴ്ചയാകാനാണ് സാധ്യതയെന്നാണ് ശാസ്ത്രവിഭാഗത്തിന്റെ വിലയിരുത്തൽ.
ചന്ദ്രൻ സൂര്യന് മുൻപ് അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാനാവില്ലെന്നാണ് കണ്ടെത്തൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..