ദുബായ് : റംസാനിലെ ഭിക്ഷാടനം തടയാൻ കൂടുതലിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചും പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിച്ചും പോലീസ്. ഭിക്ഷാടനത്തിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനായി ദുബായ് പോലീസ് പ്രത്യേക ബോധവത്കരണ പ്രചാരണവും ആരംഭിച്ചു.
ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ടമെന്റ്, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്‌സ്, മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്റെ ആശയങ്ങൾ സമൂഹത്തിലെത്തിക്കുക.
റംസാനിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരേ അതിജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. യു.എ.ഇ.യിൽ ഭിക്ഷാടനം തൊഴിലാക്കിയ ഒട്ടേറെ പേരെ അടുത്തിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.
റംസാനിൽ ഭിക്ഷാടകരുടെ എണ്ണം പതിവായി വർധിക്കാറുണ്ട്. രാജ്യത്തിന് പുറത്തുള്ള പല റിക്രൂട്ടിങ് ഏജൻസികളും ഈ കാലയളവിൽ യാചകരെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ആളുകളുടെ സഹതാപം പിടിച്ചുപറ്റി യാചകവൃത്തി നടത്താൻ ഇത്തരം ഏജൻസികൾ കുട്ടികളെയും മുതിർന്നവരെയും നിശ്ചയദാർഢ്യമുള്ളവരെയുമൊക്കെ നിയോഗിക്കാറുണ്ട്. അതുകൊണ്ടാണ് റംസാൻ മാസം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ അധികൃതർ പൊതുജനത്തിന് ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നത്.
ഭിക്ഷാടനം നടത്തിയാൽ 5000 ദിർഹം പിഴ
യു.എ.ഇ.യിൽ ഭിക്ഷാടനം ശിക്ഷാർഹമെന്നും യാചകർക്ക് 5000 ദിർഹംവരെ പിഴയും മൂന്നുമാസംവരെ ജയിൽ ശിക്ഷയും ലഭിക്കുമെന്നും അധികൃതർ ഓർമിപ്പിക്കുന്നു. ഭിക്ഷാടനത്തിനായി ആളുകളെ മറ്റു രാജ്യങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യുന്നവർക്കും രാജ്യത്ത് സംഘമായി ഭിക്ഷ യാചിക്കുന്നവർക്കും 1,00,000 ദിർഹംവരെ പിഴയും ആറു മാസംവരെ തടവ് ശിക്ഷയും ലഭിക്കുമെന്നും പോലീസ് ഓർമിപ്പിച്ചു.
റംസാൻ മാസത്തിൽ ആളുകൾ കൂടുതലായെത്തുന്ന പള്ളികൾ, കച്ചവടകേന്ദ്രങ്ങൾ, റംസാൻ തമ്പുകൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് യാചകർ ഉണ്ടാകാറുള്ളത്. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്നും യാചകരെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഷാർജയിൽ കൂടുതൽ ക്യാമറകൾ
ഷാർജ : ഭിക്ഷാടകരെ പിടികൂടാൻ ഷാർജയിൽ 65,799 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ്ു മാസത്തിനിടെയാണ് നിർമിതബുദ്ധിയിലൂടെ പ്രവർത്തിക്കുന്ന ഇത്രയും ക്യാമറകൾ സ്ഥാപിച്ചതെന്ന് ഇലക്‌ട്രോണിക് സർവീസ് വിഭാഗം ഡയറക്ടർ കേണൽ നാസിർ ബിൻ അഫ്‌സാൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..