അബുദാബി : രാജ്യത്ത് മുട്ടവിലയിൽ താത്കാലിക വർധനവുണ്ടാകുമെന്ന് യു.എ.ഇ. സാമ്പത്തികമന്ത്രാലയം അറിയിച്ചു. മുട്ടയുടെയും കോഴിയിറച്ചി ഉത്പന്നങ്ങളുടെയും വിലയിൽ 13 ശതമാനം വരെയാണ് വർധനവുണ്ടാവുക.
തീറ്റയുടെ വില, ഉത്പാദനച്ചെലവ് എന്നിവയിൽ ഗണ്യമായ വർധനവുണ്ടായതിനാൽ വിലവർധന നടപ്പാക്കണമെന്ന സ്വകാര്യസ്ഥാപനങ്ങളുടെ അഭ്യർഥന മാനിച്ചാണ് നടപടി. പ്രാദേശിക, ആഗോളവിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് വിലനിർണയം സംബന്ധിച്ച അന്തിമതീരുമാനം ആറുമാസത്തിനകം വ്യക്തമാക്കും.
രാജ്യത്ത് ഭക്ഷ്യസുരക്ഷ നിലനിർത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി ഈ മാസം ആറിന് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് വിലവർധയെന്ന് അധികൃതർ പറഞ്ഞു. വിലവർധന സംബന്ധിച്ച് ചില സൂചനകൾ മൊത്തവിതരണക്കാരിൽനിന്ന് ലഭിച്ചതായി ചില്ലറവ്യാപാരികൾ പറഞ്ഞു. മുട്ട, കോഴി എന്നിവയുടെ വിലവർധനയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യവിഭങ്ങളുടെ നിരക്കിലും മാറ്റമുണ്ടായേക്കുമെന്ന് വ്യാപാരികൾ സൂചിപ്പിച്ചു.
യു.എ.ഇ.യിൽ അനുമതിയില്ലാതെ അടിസ്ഥാനസാധനങ്ങളുടെ വിലവർധിപ്പിക്കാൻ വ്യാപാരികൾക്ക് അവകാശമില്ലെന്ന് സാമ്പത്തികമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനസാധനങ്ങളുടെ പട്ടികയിലുള്ള 10 വസ്തുക്കളുടെ വിലവർധനയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ വ്യാപാരികൾ വിശദമായ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിക്കണമെന്നാണ് നിബന്ധന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..