വി.എം. സുധീരൻ പുരസ്കാരത്തുക അഡ്വ. വൈ.എ. റഹീമിന് കൈമാറുന്നു
ഷാർജ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി.എം. സുധീരന് ലഭിച്ച സി.കെ.ചന്ദ്രപ്പൻ സ്മൃതി പുരസ്കാരത്തുക നിശ്ചയദാർഢ്യമുള്ള കുട്ടികളുടെ ക്ഷേമത്തിന് സംഭാവന ചെയ്തു.
ഷാർജ യുവകലാസാഹിതിയുടെ സമ്മാനത്തുകയായ 2023 ദിർഹമാണ് (45,000 രൂപ) ഷാർജ അൽ ഇബ്തിസാമ സ്‌കൂളിന് സംഭാവനചെയ്ത് മാതൃകയായത്. ഞായറാഴ്ച വൈകീട്ടാണ് കൃഷിമന്ത്രി പി. പ്രസാദിൽനിന്ന് സുധീരൻ പുരസ്കാരം ഏറ്റുവാങ്ങിയത്. തിങ്കളാഴ്ച അൽ ഇബ്തിസാമ സ്കൂളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീമിന് സുധീരൻ തുക കൈമാറി.
കേരളത്തിൽ നിശ്ചയദാർഢ്യമുള്ള കുട്ടികളുടെ ക്ഷേമത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്തത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്ന് വി.എം.സുധീരൻ പറഞ്ഞു. ഇത്തരം കുട്ടികൾക്കുമാത്രമല്ല അവരുടെ അധ്യാപകർക്കും അർഹിക്കുന്ന പരിഗണന സർക്കാർതലത്തിൽ വേണം.
ഇത്തരം കുട്ടികൾ പിറക്കുമ്പോൾ അവരുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ജീവിതാന്ത്യംവരെയുള്ളതാണെന്നും അത് മറ്റുള്ളവർ കാണാതിരുന്നുകൂടെന്നും സുധീരൻ ഓർമിപ്പിച്ചു.
മുൻ എം.എൽ.എ. സത്യൻ മൊകേരി, ഇന്ത്യൻ അസോസിയേഷൻ സഹ ഖജാൻജി ബാബു വർഗീസ് , പ്രിൻസിപ്പൽ ജയനാരായണൻ എന്നിവരും സംസാരിച്ചു. ഇൻകാസ് യു.എ.ഇ. പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ, യുവകലാസാഹിതി യു.എ.ഇ. രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ തുടങ്ങിയവർ സന്നിഹിതരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..