ഷാർജ : മലീഹയിലെ സബ സനബെൽ ഗോതമ്പ് പാടത്ത് ഒന്നാംഘട്ട വിളവെടുപ്പ് ആരംഭിച്ചു. കന്നിക്കൊയ്ത്തിന് സാക്ഷ്യം വഹിക്കാനായി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, യു.എ.ഇ. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മെഹ്രി എന്നിവർ മലീഹയിലെ പാടത്ത് നേരിട്ടെത്തിയിരുന്നു. വിത്ത് വിതച്ച് നാലുമാസങ്ങൾക്കിപ്പുറം പാടത്തുനിന്ന് കൊയ്ത്ത് നടത്താൻ സാധിച്ചതിലൂടെ യു.എ.ഇ.യുടെ കാർഷിക ചരിത്രത്തിൽ പുതിയ അധ്യായം അടയാളപ്പെടുത്തിയിരിക്കുകയാണ് ഷാർജ.
രാസവസ്തുക്കളോ കീടനാശിനികളോ ഉപയോഗിക്കാത്ത ശുദ്ധമായ ധാന്യം മേയ്-ജൂൺ മാസങ്ങളിലായി വിപണികളിൽ ലഭ്യമാക്കാനാണ് പദ്ധതി. 400 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന പാടം എട്ട് വലിയ വൃത്തങ്ങളായി വിഭജിച്ചായിരുന്നു കൃഷി നടത്തിയത്. അത്യാധുനിക കൊയ്ത് യന്ത്രങ്ങൾ ഉപയോഗിച്ച് വൃത്താകൃതിയിയുള്ള ചെറുപാടങ്ങളിൽ കൊയ്ത്തു നടത്തുന്നതിന്റെ വീഡിയോ അധികൃതർ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബർ അവസാനമാണ് ശൈഖ് സുൽത്താൻ 400 ഹെക്ടർ വരുന്ന ഗോതമ്പ് പാടത്ത് വിത്ത് പാകി ഉദ്ഘാടനം ചെയ്തത്. വിത്തിൽനിന്ന് വിളയിലേക്കുള്ള ധാന്യത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും അതിസൂക്ഷ്മമായാണ് വീക്ഷിച്ചിരുന്നത്. കൃഷിയിടത്തിലെ ജലസേചനവും കാലാവസ്ഥാ നിരീക്ഷണവുമെല്ലാം നിർമിത ബുദ്ധിയുടെ സഹായത്തോടെയായിരുന്നു നിരീക്ഷിച്ചിരുന്നത്. ജലസേചന ലൈനുകൾ സ്ഥാപിച്ചാണ് വിളകൾക്കാവശ്യമായ വെള്ളമെത്തിച്ചത്.
കോവിഡ്, റഷ്യ-യുക്രൈൻ യുദ്ധം എന്നിവ മൂലം ആഗോള ഭക്ഷ്യവിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഗോതമ്പ് കൃഷി ആരംഭിക്കാൻ ഷാർജ നേതൃത്വം തീരുമാനിച്ചത്. പദ്ധതിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള പരിശോധനയിൽ മലീഹയിലെ മണ്ണ് ഗോതമ്പ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു. പ്രതിവർഷം 1700 ടൺ ഗോതമ്പ് ഉത്പാദിപ്പിക്കാനുള്ള പരീക്ഷണഘട്ടമാണ് ഇപ്പോൾ നടത്തിയത്. വരും വർഷങ്ങളിൽ വിളനിലം വിപുലീകരിക്കുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. അടുത്ത വർഷത്തോടെ കൃഷിഭൂമി 880 ഹെക്ടറായും 2025-ഓടെ 1400 ഹെക്ടറായും വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്രാദേശിക കൃഷി വികസിപ്പിക്കുന്നതിലൂടെ വാർഷിക ഗോതമ്പ് ഇറക്കുമതിയുടെ അളവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..