ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം മന്ത്രി പി. പ്രസാദ് വി.എം. സുധീരന് സമ്മാനിക്കുന്നു
ഷാർജ : സി.പി.ഐ. നേതാവും മുൻ എം.പി.യുമായിരുന്ന സി.കെ. ചന്ദ്രപ്പന്റെ സ്മരണയ്ക്കായുള്ള ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം മുൻ കെ.പി.സി.സി. പ്രസിഡന്റും മുൻ മന്ത്രിയുമായ വി.എം. സുധീരന് കൃഷിമന്ത്രി പി. പ്രസാദ് സമ്മാനിച്ചു. ഷാർജ യുവകലാസാഹിതി ഏർപ്പെടുത്തിയ പുരസ്കാരം ഇന്ത്യൻ അസോസിയേഷൻ ഹാളിൽനടന്ന ചടങ്ങിലാണ് സമ്മാനിച്ചത്.
2023 ദിർഹവും ഫലകവും അടങ്ങുന്നതാണ് ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം. ആദർശരാഷ്ട്രീയത്തിന്റെ പ്രതീകങ്ങളാണ് സി.കെ. ചന്ദ്രപ്പനും വി.എം.സുധീരനുമെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് മന്ത്രി പി. പ്രസാദ് പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ട മനുഷ്യർക്കുവേണ്ടി മാത്രമല്ല സംസാരിക്കാൻ സാധിക്കാത്ത നദികൾക്കും തീരങ്ങൾക്കും മലകൾക്കുംവേണ്ടിയാണ് ഇരുവരും പ്രവർത്തിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജിബി ബേബി അധ്യക്ഷനായി. സി.പി.ഐ. നേതാവ് സത്യൻ മൊകേരി, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, യുവകലാസാഹിതി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, സുഭാഷ് ദാസ്, ബിജു ശങ്കർ, പ്രദീഷ് ചിതറ, സിബി ബൈജു തുടങ്ങിയവർ സംസാരിച്ചു. അഭിലാഷ് ശ്രീകണ്ഠാപുരം സ്വാഗതവും രഘുനാഥ് നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..