കഴിഞ്ഞവർഷം വിദേശരാജ്യത്ത് യു.എ.ഇ. യുടെ ഭക്ഷ്യസഹായം വിതരണം ചെയ്യുന്നു (ഫയൽഫോട്ടോ)
ദുബായ് : റംസാനിൽ ലോകത്തെ പാവപ്പെട്ടവർക്ക് ആഹാരമെത്തിക്കുന്ന യു.എ.ഇ. യുടെ വൺ ബില്യൺ മീൽസ് പദ്ധതിയുടെ തുടർച്ച ഇത്തവണയും ഉണ്ടാകുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. റംസാൻ ഒന്ന് മുതൽ പദ്ധതി ആരംഭിക്കും.
ലോകത്ത് പത്തിലൊരാൾ പട്ടിണി നേരിടുന്നുണ്ടെന്നും മാനവികവും ധാർമികവുമായ ദൗത്യം എന്ന നിലയിലാണ് വൺ ബില്യൺ മീൽസ് സംരംഭം ഇത്തവണയും തുടരുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സുസ്ഥിരമായ രീതിയിൽ കോടിക്കണക്കിനാളുകൾക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള പദ്ധതിയും യു.എ.ഇ. ലക്ഷ്യമിടുന്നുണ്ട്.
www.1billionmeals.ae/en/ എന്ന വെബ്‌സൈറ്റിലൂടെ പദ്ധതിയിലേക്ക് ആർക്കും സംഭാവന നൽകാം. സ്വകാര്യസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സഹായം നൽകാം. ഇത് ഭക്ഷണപ്പൊതികളായും വൗച്ചറുകളുമായാണ് അർഹരിലേക്ക് എത്തിക്കുക.
കഴിഞ്ഞവർഷം 50 രാജ്യങ്ങളിലേക്കാണ് പദ്ധതിയിലൂടെ സഹായമെത്തിച്ചത്.
പലസ്തീൻ, ലെബനൻ, ജോർദാൻ, സുഡാൻ, യെമെൻ, ടുണീഷ്യ, ഇറാഖ്, ഈജിപ്ത്, കൊസോവോ, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, കെനിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം ഭക്ഷ്യസഹായമെത്തി. 2020-ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021-ൽ 100 മില്യൺ കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതിന് വൻസ്വീകാര്യത ലഭിച്ചതോടെ കഴിഞ്ഞ വർഷമാണ് വൺ ബില്യൺ മീൽസ് പദ്ധതി ആരംഭിച്ചത്. 2030-ഓടെ ലോകത്ത് പട്ടിണി ഇല്ലാതാക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയാണ് ഇതിലൂടെ യു.എ.ഇയുടെ ലക്ഷ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..