ദുബായിലെ റംസാൻ മാർക്കറ്റിലെ തിരക്ക്
ഷാർജ : ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനിയുള്ള ഒരുമാസം വിശുദ്ധദിനങ്ങളാണ്. ക്ഷമ, സഹിഷ്ണുത, ദാനധർമം എന്നിവയിൽ അധിഷ്ഠിതമായ റംസാൻ പുണ്യമാസം വ്യാഴാഴ്ച ആരംഭിക്കുകയാണ്. പ്രഭാതംമുതൽ പ്രദോഷംവരെ പ്രാർഥനയും ഉപവാസവുമായി വിശ്വാസികൾ നോമ്പെടുക്കുന്ന ദിവസങ്ങളാണിത്.
റംസാനിൽ ഉപവാസംപോലെ പ്രാധാന്യമുള്ളതാണ് ദാനധർമവും. യു.എ.ഇ.യിൽ സമൂഹ നോമ്പുതുറയ്ക്കൊപ്പം പാവപ്പെട്ടവർക്ക് ആഹാരമെത്തിക്കുന്നതും റംസാനിലെ പതിവാണ്. ഇഫ്താർ സംഗമങ്ങൾ നടത്തുമ്പോൾത്തന്നെ ലേബർ ക്യാമ്പുകളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആഹാരമെത്തിക്കും. യു.എ.ഇ. റെഡ് ക്രസന്റിനോട് സഹകരിച്ചാണ് ഭൂരിഭാഗം സംഘടനകളും ആഹാരം കിറ്റുകളിലാക്കി എത്തിക്കുന്നത്. പ്രധാനമായും ബിരിയാണി, പഴവർഗങ്ങൾ, ജ്യൂസ്, നോമ്പുതുറക്കാനുള്ള കാരയ്ക്ക, വെള്ളം എന്നിവയാണ് കിറ്റുകളാക്കി ക്യാമ്പുകളിലെത്തിക്കുക.
ഷാർജയിലെ വിവിധ സംഘടനകൾ ഇന്ത്യൻ അസോസിയേഷനിലും മറ്റുമാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്. റംസാനിൽ 10,000 കിറ്റുകൾവരെ തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. അതിനായി സ്ഥാപനങ്ങളും വ്യക്തികളും സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്.
കിടപ്പാടമില്ലാതെ ബുദ്ധിമുട്ടിലായി പാർക്കുകളിലും മറ്റും കഴിയുന്നവരെ കണ്ടെത്തി താമസസൗകര്യമൊരുക്കാനും നാട്ടിലെത്തിക്കാനുള്ള സഹായംചെയ്യാനും വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഇഫ്താർ സംഘടിപ്പിക്കുന്നവരും പങ്കെടുക്കുന്നവരും ആഹാരം പാഴാക്കിക്കളയരുതെന്ന് മതപണ്ഡിതന്മാർ ഓർമിപ്പിക്കുന്നു. ആവശ്യത്തിനുമാത്രം ആഹാരമെടുക്കുക, പാവപ്പെട്ടവരെ ഒപ്പംചേർത്തുകൊണ്ട് നോമ്പുതുറക്കുക തുടങ്ങിയ നിർദേശങ്ങൾ സംഘടനകളും നൽകുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..