ഷാർജയിലെ മാർക്കറ്റ്
ഷാർജ : റംസാനിലെ തിരക്ക് നിയന്ത്രിക്കാനായി ഷാർജയിലെ അറവുശാലകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ആവശ്യങ്ങൾ നിറവേറ്റുകയാണ് പുതിയ സമയക്രമത്തിലൂടെ ഉദ്ദേശിക്കുന്നത്. അറവുകശാലകൾ ദിവസേന രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയും കോഴിയിറച്ചിക്കടകൾ രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയും പ്രവർത്തിക്കും. ഇഫ്താർ സമയത്തും വെള്ളിയാഴ്ചകളിലെ പ്രാർഥനയ്ക്കുമായി താത്കാലികമായി അടയ്ക്കും.
മണിക്കൂറിൽ 250 കന്നുകാലികളെ കശാപ്പ് ചെയ്യാൻ ശേഷിയുള്ളതാണ് ഷാർജ കന്നുകാലി ചന്തയിലെ അറവുശാല. ഇവിടെ എട്ട് സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ 55 കശാപ്പ് ജീവനക്കാരാണുള്ളത്. കൂടാതെ അറവുശാലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഏഴ് മൃഗഡോക്ടർമാരുമുണ്ട്. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തുന്നുണ്ട്. കൽബ, ഖോർഫക്കാൻ അറവുശാലകൾ എല്ലാദിവസവും രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അടച്ചിടും.
140 ആട് വിൽപ്പന കടകൾ, കന്നുകാലിവിൽപ്പനയ്ക്ക് മാത്രമായി 26 കടകൾ, 73 കോഴിയിറച്ചി കടകൾ, കന്നുകാലികൾക്കും കോഴികൾക്കുമായി രണ്ട് വലിയ അറവുശാലകൾ എന്നിവ ഉൾപ്പെടുന്നതാണ് ഷാർജ കന്നുകാലിച്ചന്ത. റംസാൻമാസത്തിൽ സന്ദർശകർക്ക് മികച്ച സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് ഷാർജ കന്നുകാലി മാർക്കറ്റിന്റെ മാനേജർ എൻജിനിയർ അബ്ദുള്ള അൽഷംസി പറഞ്ഞു. ഉപഭോക്തൃസംതൃപ്തിയും സന്തോഷവും ഉറപ്പാക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..