ദോഹ ബിൻ ഡർഹാമിന് സമീപം തകർന്ന കെട്ടിടം
ദോഹ : ഖത്തറിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. ദോഹ ബിൻ ഡർഹാമിന് സമീപമുള്ള നാലുനില കെട്ടിടമാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തകർന്നുവീണത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. പാകിസ്താൻ ഈജിപ്ത്, ഫിലിപ്പിനോ സ്വദേശികൾ താമസിച്ചിരുന്ന കെട്ടിടമായിരുന്നു ഇതെന്നാണ് വിവരം. മലയാളികളില്ല.
അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിസരത്തുള്ള ജനങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് സമീപത്തെ താമസക്കാരെ ഒഴിപ്പിച്ചു.
ബി റിങ് റോഡിൽ ലുലു എക്സ്പ്രസിന് പിൻവശത്തായി സ്ഥിതിചെയ്തിരുന്ന കെട്ടിടമാണ് തകർന്നത്. പോലീസും സിവിൽ ഡിഫൻസും ആംബുലൻസ് സംഘങ്ങളും സ്ഥലത്തെത്തി ഉടനെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. അപകടസ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..