ദുബായ് : റംസാൻമാസത്തിൽ ദുബായിലെ 971 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. തെറ്റുകൾ തിരുത്തി കുടുംബത്തോടൊപ്പം പുതുജീവിതം ആരംഭിക്കാൻ തടവുകാർക്ക് അവസരം നൽകുന്നതാണ് ശൈഖ് മുഹമ്മദിന്റെ തീരുമാനമെന്ന് ദുബായ് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.
പുണ്യമാസത്തിൽ 399 തടവുകാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ബിൻ അൽ ഖാസിമിയും നിർദേശം നൽകിയിട്ടുണ്ട്. ശിക്ഷാകാലയളവിൽ നല്ല പെരുമാറ്റം കാഴ്ചവെച്ചവർക്കാണ് മോചനം ലഭിക്കുക. തടവുകാരോടുള്ള മനുഷ്യത്വപരമായ പെരുമാറ്റത്തിന് ശൈഖ് സുൽത്താന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസി നന്ദിയറിയിച്ചു. നല്ല വ്യക്തികളായി മാറാൻ പൊതുമാപ്പ് അവരെ സഹായിക്കും. തടവുകാർക്ക് സ്വദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിമാനടിക്കറ്റുകൾ നൽകുമെന്നും അൽ ഷംസി പറഞ്ഞു. ഉമ്മുൽഖുവൈൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ഒട്ടേറെ തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.
റംസാനോട് അനുബന്ധിച്ച് 151 പേർക്ക് മോചനം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷാർഖി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. അബുദാബിയിൽ 1025 തടവുകാരെ മോചിപ്പിക്കാനാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..