Caption
ഷാർജ : പ്രാർഥനകളും വ്രതാനുഷ്ഠാനവും നിറഞ്ഞ പുണ്യമാസത്തിന് വ്യാഴാഴ്ച തുടക്കം. പുലർച്ചെ സുബ്ഹി ബാങ്കോടുകൂടി ആഹാരപാനീയങ്ങൾ ഉപേക്ഷിച്ച് നോമ്പ് തുടങ്ങുകയും മഗ്‌രിബ് ബാങ്കുവിളിയോടെ കാരയ്ക്കയും വെള്ളവും കൊണ്ട് നോമ്പ് തുറക്കുകയുമാണ് വേണ്ടത്. അള്ളാഹു ഏറ്റവും പവിത്രമാക്കിയ റംസാൻ മാസം ദാനധർമങ്ങൾക്കും പ്രധാനമാണ്. ദിവസം അഞ്ചുനേരമുള്ള നിസ്കാരവും റംസാനിലെ മുഴുവൻ വ്രതവും സമ്പത്തിന്റെ മിച്ചമുപയോഗിച്ചുള്ള സക്കാത്തും വിശ്വാസികൾക്ക് നിർബന്ധമാക്കിയെന്നതും പുണ്യമാസത്തിന്റെ പ്രത്യേകതയാണ്.
വിശ്വാസികൾക്ക് മാനസിക, ശാരീരിക വിശുദ്ധി കൈവരിക്കുകകൂടി റംസാന്റെ ലക്ഷ്യമാണ്. ഖുർആൻ അവതരിച്ച പുണ്യമാസത്തിൽ പകൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും രാത്രിയിൽ പ്രാർഥനയും ആരാധനയുമായി കഴിയണമെന്നാണ് നിയമം. തെറ്റായ വാക്കും പ്രവൃത്തിയും ഒഴിവാക്കി സ്നേഹവും ക്ഷമാശീലവും സഹിഷ്ണുതയും പുലർത്തിക്കൊണ്ട് സത്കർമങ്ങളും പരക്ഷേമകാര്യങ്ങളുംമാത്രം ചെയ്യാനാണ് റംസാൻ ഓർമിപ്പിക്കുന്നത്.
കഴിഞ്ഞകാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ച് ഒരു പുതിയ മനുഷ്യനാവാൻ നോമ്പും പ്രാർഥനയും കാരണമാകുമെന്ന് വിശ്വാസികളെ പുണ്യമാസം പഠിപ്പിക്കുന്നു. ദൈവകൃപ, പാപമോചനം, നരകവിമുക്തി എന്നിങ്ങനെ 10 ദിവസങ്ങളടങ്ങിയ മൂന്നുഭാഗങ്ങളാക്കി റംസാനെ വേർതിരിച്ചിരിക്കുന്നു.
അവസാന പത്തിലെ ഒറ്റരാവുകൾ ഏറ്റവും പ്രധാനപ്പെട്ടതാണ്. അവയിലൊന്നാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ട ലൈലത്തുൽ ഖദ്ർ. റംസാനിൽ നോമ്പ് തുറക്കുന്നതോടൊപ്പം മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുന്നതും പുണ്യപ്രവൃത്തി ആയതിനാലാണ് സമൂഹനോമ്പുതുറ സംഘടിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..