Caption
ദുബായ് : സീസൺ അനുസരിച്ചുള്ള വിമാനയാത്രാ നിരക്കുവർധന താങ്ങാനാവാതെ സാധാരണക്കാരായ പ്രവാസികൾ. നിരക്കുവർധനമൂലം താഴ്ന്നവരുമാനക്കാരായ പ്രവാസികളിലേറെപ്പേരും അവധിക്കാലയാത്ര ഒഴിവാക്കിയിരിക്കുകയാണ്. വർഷത്തിലൊരിക്കൽമാത്രം നാട്ടിലേക്ക് യാത്രചെയ്യുന്നവരാണ് ബസ് ഡ്രൈവർമാർ, ക്ലീനർമാർ, സുരക്ഷാജീവനക്കാർ, ആയമാർ തുടങ്ങിയവർ.
സ്കൂൾ ജീവനക്കാരുടെ വാർഷികാവധി കണക്കാക്കിയാണ് നാട്ടിലെ കുടുംബങ്ങളിൽ വിവാഹമടക്കമുള്ള പല ചടങ്ങുകളും സംഘടിപ്പിക്കുന്നത്. അത്തരം വിശേഷങ്ങളിലും പങ്കെടുക്കാൻ സാധിക്കാത്ത സങ്കടംകുറഞ്ഞ വരുമാനക്കാരായ സ്കൂൾജീവനക്കാർ പങ്കുവെക്കുന്നു.
ഉയർന്നക്ലാസുകളിൽ പൊതുപരീക്ഷ അവസാനിക്കുന്നതനുസരിച്ച് പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പുള്ള അവധിദിനങ്ങളാണിപ്പോൾ. ഏപ്രിൽ 10-നാണ് പുതിയ അധ്യയനം ആരംഭിക്കുക. പെരുന്നാൾ, വിഷു പ്രമാണിച്ച് യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്കും തിരിച്ചും യാത്രാനിരക്കുകൾ കുതിച്ചുകയറുകയാണ്. സ്കൂൾജീവനക്കാരായ കൂടുതൽപേരും രണ്ടുമാസത്തെ വാർഷികാവധിയിലാണ് നാട്ടിലേക്ക് പോകാറുള്ളത്. വിമാനയാത്രാനിരക്കുകളിൽ കേരളത്തിലേക്കും തിരിച്ചും വർധന സീസണിൽ പതിവുള്ളതാണെങ്കിലും ഈ വർഷം ക്രമാതീതമായാണ് നിരക്ക് കൂട്ടിയത്. യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് എയർഇന്ത്യ വിമാനങ്ങൾ പിൻവലിച്ച് പകരം എയർഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതും നിരക്കുവർധനയ്ക്ക് പ്രധാനകാരണമാണ്. സീസണിൽ കണ്ണൂരിലേക്കാണ് നിരക്കുവർധന ഏറ്റവും കൂടുതലുള്ളത്. ജൂണിൽ കൂടുതൽ പ്രവാസികൾ യാത്രചെയ്യുന്ന ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് കണ്ണൂരിലേക്കും ഓഗസ്റ്റ് അവസാനത്തോടെ തിരിച്ചും യാത്രചെയ്യാൻ എയർഇന്ത്യയുടെ ബജറ്റ് എയർലൈനായ എക്സ്‌പ്രസ് ഈടാക്കുന്നത് 2760 ദിർഹം (60,000 രൂപയിലേറെ) മുതൽ 3250 ദിർഹം (72,000 രൂപ) ആണ്. ഇത്രയും തുക നൽകി നാട്ടിൽപ്പോയി തിരിച്ചെത്തുമ്പോഴേക്കും സാമ്പത്തികബാധ്യത കൂടുമെന്നാണ് സാധാരണ പ്രവാസികൾ പറയുന്നത്.
അതേസമയം ഇന്ത്യ-യു.എ.ഇ. വിമാനസർവീസ് വർധിപ്പിക്കണമെന്ന യു.എ.ഇ.യിലെ വിമാനക്കമ്പനികളുടെ ആവശ്യം പരിഗണിക്കാൻ പദ്ധതിയില്ലെന്ന ഇന്ത്യൻ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവനയും ഇരുട്ടടിയായിരിക്കുകയാണ്. ആഴ്ചയിൽ 65,000 സീറ്റുകളാണ് ഇന്ത്യ-യു.എ.ഇ. വിമാനസർവീസിലുള്ളത്. 50,000 സീറ്റുകൾകൂടി വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ച് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ. അഹ്ല മന്ത്രി ജോതിരാദിത്യസിന്ധ്യക്ക് കത്തെഴുതിയിരുന്നു. കണ്ണൂർ, ഗോവ, അമൃത്സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഭുവനേശ്വർ, ഗുവാഹാട്ടി, പുണെ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസ് നടത്താനുള്ള സന്നദ്ധതയാണ് യു.എ.ഇ. അറിയിച്ചത്. എമിറേറ്റ്‌സ്, ഫ്ളൈ ദുബായ്, ഉൾപ്പെടെയുള്ളവ കൂടുതൽ സർവീസ് നടത്താൻ ഇപ്പോഴും സന്നദ്ധമാണ്. ഇരുരാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ മേധാവികളുടെ യോഗംവിളിച്ച് ഇക്കാര്യത്തിൽ ചർച്ചനടത്തണമെന്നും യു.എ.ഇ. ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഇന്ത്യൻ വ്യോമയാനമേഖലയെ പിന്നോട്ടടിക്കുമെന്ന് ട്രാവൽരംഗത്തെ വിദഗ്ധർ പറഞ്ഞു. കൂടുതൽ വിമാനസർവീസുകൾ അനുവദിക്കുന്നതോടെ ഇന്ത്യൻവിമാനങ്ങളുടെ മത്സരക്ഷമത വർധിക്കുന്നതിനൊപ്പം യു.എ.ഇ.യിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ യു.എ.ഇ. വ്യാപാരക്കരാർ കൂടി നിലവിൽവന്ന സാഹചര്യത്തിൽ വിമാനസർവീസിലെ വർധന എല്ലാമേഖലയ്ക്കും ഏറെ ഗുണകരമാകുമെന്നും സാമ്പത്തികരംഗത്തുള്ളവരും വിലയിരുത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..