ഉമ്മുൽഖുവൈൻ സിനിയ ദ്വീപിൽ കണ്ടെത്തിയ പവിഴനഗരം
ഉമ്മുൽഖുവൈൻ : എ.ഡി. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനുമിടയിൽ നിലനിന്നിരുന്ന ‘പവിഴനഗര’ത്തിന്റെ ശേഷിപ്പുകൾ ഉമ്മുൽഖുവൈനിൽ കണ്ടെത്തി. ഉമ്മുൽഖുവൈൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആൻഡ് ആർക്കിയോളജിയാണ് ഉമ്മുൽഖുവൈൻ സിനിയ ദ്വീപ് പ്രദേശത്ത് പുരാതനമായ പവിഴനഗരം കണ്ടെത്തിയത്.
കഴിഞ്ഞവർഷം കണ്ടെത്തിയ ‘ക്രിസ്ത്യൻ ആശ്രമ’മെന്നറിയപ്പെടുന്ന സിനിയ മൊണാസ്ട്രിയുടെ സമീപത്താണ് പവിഴനഗരവും സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഇവിടുത്തുകാർ കടലിൽനിന്ന് മുത്തും പവിഴവും വാരി ഉപജീവനം നടത്തിയതിനാലാണ് പവിഴനഗരത്തിന് ആ പേരിട്ടത്. 12 ഹെക്ടർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന നഗരം ഈ വർഷത്തെ കണ്ടുപിടിത്തങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് ആർക്കിയോളജി വിഭാഗം മേധാവി റാനിയ കന്നൗമ പറഞ്ഞു. ഉമ്മുൽഖുവൈനിൽ കണ്ടെത്തിയ, ജനവാസമുണ്ടായിരുന്ന പ്രധാനപ്പെട്ട പ്രാചീനനഗരംകൂടിയാണിത്.
അക്കാലത്തെ മനുഷ്യർ താമസിച്ചിരുന്ന ചെറിയ വീടുകളുടെ അടയാളങ്ങളും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് മനുഷ്യർ ഈ നഗരത്തിലുണ്ടായിരുന്നതായാണ് നിഗമനം. ഒന്നിലധികം മുറികളുള്ള, വാസ്തുശില്പ ചാതുര്യമുള്ള വീടുകളിലാണ് അക്കാലത്തെ മനുഷ്യർ ജീവിച്ചതെന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. കടൽത്തീരത്തെ പാറക്കല്ലുകളും ഈന്തപ്പന ഉപയോഗിച്ചുമാണ് ഉറപ്പുള്ള വീടുകൾ നിർമിച്ചത്. കൂടാതെ പരമ്പരാഗത വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ട്.
ഉമ്മുൽഖുവൈൻ സാംസ്കാരിക യുവജന മന്ത്രാലയം, യു.എ.ഇ. യൂണിവേഴ്സിറ്റി, ഇറ്റാലിയൻ പുരാവസ്തു ദൗത്യകേന്ദ്രം, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡി എന്നിവയുമായി സഹകരിച്ചുകൊണ്ട് സിനിയ ദ്വീപിൽ കൂടുതൽ ഗവേഷണം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..