Caption
ഷാർജ : വൈവിധ്യമാർന്ന കലാസാംസ്കാരികപരിപാടികളിലൂടെ റംസാൻ രാത്രികൾക്ക് നിറം പകരാനൊരുങ്ങി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും സഞ്ചാരികൾക്കുമെല്ലാം ആസ്വദിക്കത്തക്ക വിനോദങ്ങളും ഇഫ്താർവിരുന്നുമെല്ലാം ആഘോഷങ്ങളുടെ ഭാഗമാകും.
അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, നൂർ ഐലൻഡ്, മലീഹ ആർക്കിയോളജിക്കൽ സെന്റർ, ഖോർഫക്കാൻ ബീച്ച് തുടങ്ങി പ്രവാസികളുടെ പ്രിയകേന്ദ്രങ്ങളിലെല്ലാം ഇഫ്താർ, സുഹൂർ വിശേഷങ്ങൾക്കു പുറമേ ഇത്തവണ പരമ്പരാഗത സംഗീതപ്രകടനവും ഫുഡ് ഫെസ്റ്റിവലുമടക്കം പ്രത്യേക റംസാൻ പരിപാടികളുണ്ട്.
ഭക്ഷ്യമേളയും സൗജന്യ ആരോഗ്യ പരിശോധനയും
പ്രത്യേക അലങ്കാരത്തോടെ തിളങ്ങി നിൽക്കുന്ന അൽ ഖസ്ബയിൽ ഇത്തവണ 10 ദിവസം നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയുമുണ്ടാവും. ഈമാസം 30 മുതൽ ഏപ്രിൽ എട്ടുവരെയുള്ള ദിവസങ്ങളിൽ നടക്കുന്ന അൽ ഖസ്ബ ഫുഡ് ഫെസ്റ്റിവലിൽ പാചകവുമായി ബന്ധപ്പെട്ട ശില്പശാലകളും പ്രൊഫഷണൽ ഷെഫ് മത്സരവും കുട്ടികൾക്ക് ആവേശംപകരാൻ പ്രത്യേക പൊയ്‌ക്കാൽ പ്രകടനങ്ങളും ഒരുക്കുന്നുണ്ട്.
‘എ വേൾഡ് ഓഫ് ഫ്ലേവേഴ്സ്’ എന്ന മുദ്രാവാക്യത്തോടെ അണിയിച്ചൊരുക്കുന്ന മേളയിൽ വിവിധ സംസ്കാരങ്ങൾ പ്രതിഫലിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് പവിലിയനുകളും ചെറുകച്ചവട ശാലകളുമുണ്ടാവും. ഉത്സവപ്രതീതി നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ പാചകവിദഗ്ധർ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന പ്രൊഫഷണൽ ഷെഫ് അരീനയും അവതരിപ്പിക്കുന്നുണ്ട്. ഐസിലും പഴങ്ങളിലും ചോക്ലേറ്റിലുമെല്ലാം മനോഹരമായ ഡിസൈൻ തീർക്കുന്നവർക്ക് പങ്കെടുക്കാനുള്ള മത്സരങ്ങളും ഇവിടെ അരങ്ങേറും. മേളയുടെ ഭാഗമായി വന്നെത്തുന്നവർക്കെല്ലാം പങ്കെടുക്കാവുന്ന സൗജന്യ ആരോഗ്യ പരിശോധനയുമുണ്ട്.
അൽ മജാസിൽ ‘റംസാൻ നൈറ്റ്‌സ്’
റംസാൻ നൈറ്റ്‌സ് എന്നപേരിൽ പ്രത്യേക പ്രദർശനങ്ങളും ആഘോഷങ്ങളുമൊരുക്കിയാണ് അൽ മജാസ് വാട്ടർഫ്രണ്ട്, അൽഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച്, അൽ മുൻതസ പാർക്ക് എന്നിവ സഞ്ചാരികളെ ക്ഷണിക്കുന്നത്. ഈമാസം 24 മുതൽ ഏപ്രിൽ ഒമ്പതുവരെ എല്ലാ വാരാന്ത്യങ്ങളിലും (വെള്ളി,ശനി,ഞായർ) രാത്രി ഒൻപതുമുതൽ 11.45 വരെ പരമ്പരാഗത വാദ്യോപകരണങ്ങളുപയോഗിച്ചും വയലിൻ ഉപയോഗിച്ചുമുള്ള തത്സമയപ്രദർശനങ്ങളടക്കം പ്രത്യേക പരിപാടികളുണ്ടാവും. ഏപ്രിൽ 20 വരെ നീളുന്ന ഖോർഫക്കാൻ ബീച്ചിലെ റംസാൻ രാത്രിയാഘോഷങ്ങളുടെ ഭാഗമായി, ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം പങ്കുവെക്കുന്ന പ്രത്യേക ഫിറ്റ്‌നസ് പരിശീലനവുമൊരുക്കുന്നുണ്ട്.
കൊതിയൂറും ഇഫ്താർ അനുഭവങ്ങൾ
കുടുംബത്തോടൊപ്പം മനോഹരമായ ഇഫ്താർ ആസ്വദിക്കാനുള്ള അവസരമാണ് മലീഹയിലെ ‘റംസാൻ സ്റ്റാർ ലോഞ്ചും’ അൽനൂർ ദ്വീപിലെ ‘ബൈ ദി ബേ ഇഫ്താറും’. ആകാശത്തിനുകീഴെ നക്ഷത്രങ്ങളെയും കണ്ട്, വിവിധ വിനോദങ്ങളിലേർപ്പെട്ട് രുചിയേറിയ വിഭവങ്ങൾ ആസ്വദിക്കാനുള്ള വേറിട്ട അനുഭവമാണ് ഇവിടെ അതിഥികളെ കാത്തിരിക്കുന്നത്. ഖാലിദ് തടാകത്തിന്റെയും ഷാർജ നഗരത്തിന്റെയും മനോഹരകാഴ്ചകൾ ആസ്വദിച്ചിരിക്കാൻ തക്കവിധത്തിൽ മണൽപ്പരപ്പിൽ പ്രത്യേകം തയ്യാറാക്കിയതാണ് അൽനൂർ ദ്വീപിന്റെ ‘ഇഫ്താർ ബൈ ദി ബേ’. നോമ്പുതുറക്കാനെത്തുന്നവർക്ക് ദ്വീപിലെ കാഴ്ചകളെല്ലാം ചുറ്റിയടിച്ച് കാണാനുള്ള അവസരമുണ്ട്. ബട്ടർഫ്ളൈ ഹൗസിലേക്കുള്ള പ്രവേശനവും സൗജന്യമാണ്.
പരിശീലനം ലഭിച്ചിട്ടുള്ള ഗൈഡിന്റെ സഹായത്തോടെയുള്ള വാനനിരീക്ഷണവും ഇതോടൊപ്പമുണ്ട്. മുതിർന്നവർക്ക് 180 ദിർഹം, കുട്ടികൾക്ക് 95 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. ഫോൺ: 065 067000.
അലങ്കാരവിളക്കുകളുടെ പൊലിമയിൽ പ്രത്യേകം തയ്യാറാക്കിയ മജ്‌ലിസിൽ നോമ്പുതുറക്കാൻ പാകത്തിലാണ് മലീഹ ആർക്കിയോളജി സെന്ററിലെ റംസാൻ സ്റ്റാർ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. ആറുമണിക്ക് തുടങ്ങി രാത്രി 12 വരെ നീണ്ടുനിൽക്കുന്ന ഇഫ്താർ അനുഭവത്തിന്റെ ഭാഗമായി സൗജന്യ വാനനിരീക്ഷണം, കുതിരകളോടൊപ്പമുള്ള ഫോട്ടോ സെഷനുകൾ എന്നിവയുമുണ്ട്. കാരംസ്, ബോർഡ് ഗെയിംസ്, വൈവിധ്യമാർന്ന രുചികൾ എന്നിവയടക്കം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം മരുഭൂമിയിലെ നോമ്പുതുറ എക്കാലവും ഓർത്തിരിക്കുന്ന അനുഭവമാക്കാൻ വേറെയും വിശേഷങ്ങളുണ്ട്. മുതിർന്നവർക്ക് 250 ദിർഹവും കുട്ടികൾക്ക് 150 ദിർഹവുമാണ് ഇഫ്താർ പാക്കേജുകളുടെ നിരക്ക്. ഫോൺ: 068021111.
അത്യാഡംബരപൂർണമായൊരു ഇഫ്താർ അനുഭവമാണ് അന്വേഷിക്കുന്നതെങ്കിൽ ചുരുങ്ങിയ ചെലവിൽ അതിനുള്ള അവസരമൊരുക്കുകയാണ് ചെഡി അൽ ബൈത്ത് ഹോട്ടൽ. പ്രത്യേക നിരക്കുകളിൽ റൂമുകൾ ലഭ്യമാക്കുന്ന ഹോട്ടൽ, കുട്ടികൾക്ക് സൗജന്യമായും മുതിർന്നവർക്ക് 199 ദിർഹം മുതലും ഇഫ്താർ ബുഫെ ഒരുക്കുന്നുണ്ട്. ആകർഷകമായ കിഴിവുകൾ സ്വന്തമാക്കാനും പ്രത്യേക പാക്കേജുകളെക്കുറിച്ചും അറിയാൻ https://discovershurooq.ae/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..