കോഴിമുട്ട വിലവർധന : എല്ലാ ഉത്പാദകർക്കും അനുമതി നൽകിയിട്ടില്ല-അബ്ദുല്ല അൽ ഷംസി


1 min read
Read later
Print
Share

അവശ്യവസ്തുക്കളുടെ വിലവർധിപ്പിക്കില്ല

ദുബായ് : കോഴിമുട്ടയ്ക്കും കോഴിയിറച്ചി ഉത്പന്നങ്ങൾക്കും അടുത്തിടെയുണ്ടായ 13 ശതമാനം വിലവർധന എല്ലാ ഉത്പാദകർക്കും ബാധകമല്ലെന്ന് യു.എ.ഇ.സാമ്പത്തിക മന്ത്രാലയത്തിലെ മോണിറ്ററിങ് ആൻഡ് ഫോളോ അപ്പ് സെക്ടർ അസിസ്റ്റൻറ്്‌ അണ്ടർസെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു. യു.എ.ഇ.യിലെ ഒമ്പത് ഉത്പദകർ വിതരണംചെയ്യുന്ന മുട്ടയ്ക്കും കോഴിയിറച്ചി ഉത്പന്നങ്ങൾക്കും മാത്രമാണ് നിലവിൽ വില വർധിപ്പിച്ചിട്ടുള്ളത്. ഇവർ സാമ്പത്തിക മന്ത്രാലയത്തിന് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് വില വർധിപ്പിക്കാൻ അനുമതിനൽകിയത്.

18 മാസംമുമ്പാണ് ഒമ്പത് സ്ഥാപനങ്ങൾ വില വർധിപ്പിക്കാനുള്ള അനുമതിക്കായി മന്ത്രാലയത്തിന് അപേക്ഷസമർപ്പിച്ചത്. വിശദമായി പഠിക്കുകയും അവരുടെ ആവശ്യം ന്യായമായെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അനുമതിനൽകിയത്. സ്ഥാപനങ്ങൾ പറഞ്ഞിരിക്കുന്ന കാരണങ്ങൾ ഇല്ലാതാകുമ്പോൾ വിലവർധനയും പിൻവലിക്കും. നിലവിലെവില ആറ്ു മാസത്തിനുശേഷം പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വില വർധിപ്പിക്കാത്ത ഒട്ടേറെ കോഴിയിറച്ചി ഉത്പന്നസ്ഥാപനങ്ങൾ യു.എ.ഇ.യിലുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ വിലവർധന കാര്യമായിബാധിക്കില്ല. മറ്റ് അവശ്യവസ്തുക്കളുടെയൊന്നും വില വർധിപ്പിക്കാൻ തത്‌കാലം മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്നും അബ്ദുല്ല അൽ ഷംസി വിശദീകരിച്ചു.

റംസാൻ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ചില ബ്രാൻഡുകളിലുള്ള കോഴിമുട്ടയ്ക്കും കോഴിയിറച്ചി ഉത്പന്നങ്ങൾക്കും മാത്രം വില വർധനയുണ്ടായത്. ഇതിൽ സാമൂഹികമാധ്യമങ്ങളിലൂടെ ഉപഭോക്താക്കൾ കടുത്തനിരാശ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അധികൃതർ വിശദീകരണം നൽകിയത്. അവശ്യസാധനങ്ങളുടെ വില അനുമതിയില്ലാതെ വർധിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അന്യായമായി വില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..