ഡയാനയും ലിയാനയും
ഷാർജ : ഗിത്താറും വയലിനും കീബോർഡും ഡ്രംസുംകൊണ്ട് സംഗീത മുഖരിതമാണ് തിരുവനന്തപുരം സ്വദേശി ഡേവിഡ് രാജിന്റെ ഷാർജയിലെ വീട്. മക്കളായ ഡയാനയും ലിയാനയുമാണ് ഈ വീട്ടിൽ സംഗീതംകൊണ്ട് സന്തോഷമൊരുക്കുന്നത്. ഇവിടുത്തെ ഏറ്റവുംപുതിയ വിശേഷം ഇലക്രോണിക് കീബോർഡ് വായനയിൽ ഡേവിഡിന്റെ ഇളയമകൾ ലിയാന ഡേവിഡ് റെക്കോഡ് സൃഷ്ടിച്ചതാണ്. 10 വയസ്സുകാരിയായ ലിയാന യു.കെ.യിലെ ട്രിനിറ്റി കോളേജിൽനിന്ന് ഇലക്രോണിക് കീബോർഡിൽ ഗ്രേഡ് എട്ട് പൂർത്തിയാക്കി. ഇതോടെ, ഇന്ത്യയിൽ ഈ േഗ്രഡ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കീബോർഡ് വായനക്കാരിയായി ലിയാന മാറി. തമിഴ്നാട്ടിൽനിന്നുള്ള 11 വയസ്സുകാരിക്കായിരുന്നു ഇതിനുമുമ്പ് റെക്കോഡ്.
ഷാർജ ജെംസ് വെസ്റ്റ് മിനിസ്റ്റർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ലിയാന. മൂന്നര വയസ്സുമുതൽ സംഗീതം അഭ്യസിച്ചുതുടങ്ങിയിരുന്നു. ഇപ്പോൾ കീബോർഡ് പഠിപ്പിക്കാൻ സാധിക്കുംവിധം വൈദഗ്ധ്യംനേടി. കീബോർഡ് മാത്രമല്ല ഗിത്താറിലും വയലിനിലും ലിയാന മിടുക്ക് തെളിയിച്ചിട്ടുണ്ട്. വയലിൻ ഗ്രേഡ് നാല് പൂർത്തിയാക്കി. ഡേവിഡ് തന്നെയാണ് മക്കളുടെ സംഗീതത്തിലെ ഗുരു.
അക്വാസ്റ്റിക് ഗിത്താറിൽ കഴിവുതെളിയിച്ചയാളാണ് ലിയാനയുടെ സഹോദരി ഡയാന ഡേവിഡ്. അതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. വയലിനിൽ ഗ്രേഡ് നാലും ഗിത്താറിൽ ഗ്രേഡ് എട്ടും ഡ്രംസിൽ ഗ്രേഡ് അഞ്ചും ഡയാന ട്രിനിറ്റിയിൽനിന്ന് പൂർത്തിയാക്കി. അനുജത്തി ലിയാനയെ സംഗീതത്തിൽ നന്നായി പിന്തുണക്കുകയും ചെയ്യുന്നു.
വർഷങ്ങളായി മക്കൾ സംഗീതത്തിൽ ട്രിനിറ്റി കോളേജിലെ ഗ്രേഡ് നേടാനായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്ന് മാതാപിതാക്കളായ ഡേവിഡ് രാജ് ബി.ഇ., ഡോ .ലീന ആർ. ഡേവിഡ് എന്നിവർ പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ഷാർജയിൽ ഫാക്കൽറ്റി ആയി സേവനമനുഷ്ഠിക്കുന്ന ഡോ.ലീനയും വയലിൻ അഭ്യസിച്ചിട്ടുണ്ട്. സംഗീതത്തിൽ ഡിപ്ലോമ നേടണമെന്നാണ് ലിയാനയുടെ ആഗ്രഹം. കൂടാതെ മ്യൂസിക് തെറാപ്പി, ജനറ്റിക് എൻജിനിയറിങ് എന്നിവയും സ്വപ്നങ്ങളിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..