ഷാർജ : പുണ്യമാസത്തിൽ വൈവിധ്യമാർന്ന ഷോപ്പിങ്ങിനായി 40-ാമത് ‘റംസാൻ നൈറ്റ്സ്’ അടുത്തമാസം അഞ്ചിന് ആരംഭിക്കുമെന്ന് ഷാർജ എക്സ്പോ സെന്റർ അധികൃതർ പറഞ്ഞു. ആകർഷകമായ വിലക്കിഴിവോടെ സാധനങ്ങൾ ലഭ്യമാകുമെന്നതാണ് റംസാൻ നൈറ്റ്സിന്റെ പ്രത്യേകത.
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (എസ്.സി.സി.ഐ ) സഹകരിച്ചാണ് എക്സ്പോ സെന്റർ റംസാൻ നെറ്റ്‌സ് സംഘടിപ്പിക്കുന്നത്. 10,000-ലേറെ ഉത്പന്നങ്ങൾ 75 ശതമാനംവരെ വിലക്കിഴിവിൽ റംസാൻ നൈറ്റ്‌സിലൂടെ സ്വന്തമാക്കാം. ദിവസവും വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ ഒരുമണിവരെയും പെരുന്നാൾദിനത്തിൽ ഉച്ചയ്ക്ക് മൂന്നുമുതൽ അർധരാത്രി 12 വരെയും റംസാൻ നൈറ്റ്സ് സന്ദർശിക്കാം.
റംസാൻമാസത്തിന്റെ പാരമ്പര്യവും പൈതൃകവും ഉയർത്തിക്കാട്ടുന്ന ഒട്ടേറെ പ്രദർശനങ്ങളും കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. ചില്ലറ വിൽപ്പനയിലും റംസാൻ നൈറ്റ്സ് ഉപകരിക്കുമെന്ന് എസ്.സി.സി.ഐ., ഷാർജ എക്സ്പോ സെന്റർ എന്നിവയുടെ ചെയർമാനായ അബ്ദുള്ള സുൽത്താൻ അൽ ഒവൈസ് പറഞ്ഞു. കുടുംബങ്ങൾക്കും കുട്ടികൾക്കും റംസാൻ സായാഹ്നങ്ങൾ ആസ്വദിക്കാനുള്ള അവസരമാണെന്ന് എക്സ്പോ സെന്റർ സി.ഇ.ഒ. സെയ്ഫ് മുഹമ്മദ് അൽ മിദ്‌ഫ അഭിപ്രായപ്പെട്ടു.
ഇമിറാത്തി രുചിവെവിധ്യങ്ങളോടൊപ്പം ആകർഷക സമ്മാനങ്ങളും റംസാൻ നൈറ്റ്‌സിന്റെ ഭാഗമായി സന്ദർശകരെ കാത്തിരിക്കുന്നു.
പരമ്പരാഗത ഇമിറാത്തി വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കരകൗശലവസ്തുക്കൾ, ജനപ്രിയ റംസാൻ വിഭവങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന പൈതൃകഗ്രാമവും റംസാൻ നെറ്റ്സിന്റെ ഭാഗമായി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 21-നാണ് റംസാൻ നൈറ്റ്സ് സമാപിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..