ചിരിയോർമകളിൽ പ്രവാസലോകവും


1 min read
Read later
Print
Share

ചാക്കോ ഊളക്കാടൻ ഇന്നസെന്റിനൊപ്പം (ഫയൽ ഫോട്ടോ)

ഷാർജ : വിടപറഞ്ഞ മലയാളികളുടെ പ്രിയനടൻ ഇന്നസെന്റിനെ വേദനയോടെ ഓർമിക്കുകയാണ് പ്രവാസി മലയാളികളും. കേരളംപോലെ മറുനാടൻ മലയാളികളും ഈ അതുല്യനടനെ ഇഷ്ടപ്പെട്ടിരുന്നു. ഒട്ടേറെ ഇരിങ്ങാലക്കുടക്കാർ യു.എ.ഇ. യിലുണ്ട്. എത്ര തിരക്കുകൾക്കിടയിലും യു.എ.ഇ. സന്ദർശന വേളകളിലെല്ലാം സ്വന്തം നാട്ടുകാരെ നേരിൽകാണാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. 2017 -ൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും ഇന്നസെന്റ് അതിഥിയായെത്തിയിരുന്നു.

മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഇന്നസെന്റിന്റെ 'കാൻസർവാർഡിലെ ചിരി' പ്രവാസി വായനക്കാരും ഏറെ ചർച്ചചെയ്ത കൃതിയായിരുന്നു. എം.വി.ആർ. കാൻസർ സെന്റർ ദുബായിൽ ആരംഭിച്ചപ്പോഴും ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത് രോഗത്തിന്റെ തീവ്രതയറിഞ്ഞ ഇന്നസെന്റ് ആയിരുന്നു.

ഏതുരോഗവും ഒരു ഫലിതമായെടുക്കണമെന്നും അതാണ് തന്റെ കാൻസർ അതിജീവന രഹസ്യമെന്നും അന്നത്തെ ചടങ്ങിൽ അദ്ദേഹം പറയുകയുണ്ടായി. അതായിരുന്നു ഇന്നസെന്റ് പങ്കെടുത്ത ദുബായിലെ അവസാനത്തെ പൊതുചടങ്ങും. കാൻസർ രോഗത്തെക്കുറിച്ചാണ് അന്നദ്ദേഹം ഏറെനേരം സംസാരിച്ചത്. ലോക്‌സഭയിൽ മത്സരിച്ച് വിജയിച്ച അനുഭവവും രണ്ടാമത് തോൽവി ഏറ്റുവാങ്ങിയതും നർമംകലർത്തി ഒരേ വികാരത്തോടെയായിരുന്നു അദ്ദേഹം പ്രവാസികളോട് പങ്കുവെച്ചത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി മലയാളത്തിന്റെ പ്രിയനടനെ ഓർമിക്കുകയാണ് പ്രവാസലോകവും.

പിറന്നാൾ ആശംസയുടെ ഒാർമയിൽ ചാക്കോ ഊളക്കാടൻ

: അന്തരിച്ച പ്രിയനടൻ ഇന്നസെന്റുമായി മൂന്നരപ്പതിറ്റാണ്ടുകാലത്തെ സൗഹൃദം ഓർമിക്കുകയാണ് ദുബായിലെ സാംസ്കാരിക പ്രവർത്തകനും സംരംഭകനുമായ ചാക്കോ ഊളക്കാടൻ. ഇരിങ്ങാലക്കുടക്കാരനായ ചാക്കോയുമായി സ്വന്തം നാട്ടുകാരൻ എന്നനിലയിൽ പ്രത്യേക സ്നേഹവും ഇന്നസെന്റ് പുലർത്തിയിരുന്നു. അദ്ദേഹം ദുബായിലെത്തിയാൽ ചാക്കോ ഊളക്കാടനെ കാണുന്നതും പതിവാണ്. ഏറ്റവും തിരക്കുപിടിച്ച സമയത്തും തന്റെ അറുപതാം പിറന്നാളിന് ആശംസാ വീഡിയോ അയക്കാനും ഇന്നസെന്റ് മറന്നിട്ടില്ലെന്ന് ചാക്കോ പറഞ്ഞു.

സിനിമയുടെ തുടക്കക്കാലത്ത് ഇരിങ്ങാലക്കുടയിലെ സ്വന്തം സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ചാക്കോ തന്നെ ക്ഷണിച്ചതും ഇന്നസെന്റ് ഓർമിക്കുന്നുണ്ട്. ചാക്കോ താമസിക്കുന്ന ദുബായ് കരാമയിലെ വീട്ടിൽ ഇന്നസെന്റ് വരുമായിരുന്നു.

ചാക്കോയുമായി ഏറെ അടുപ്പമുള്ള അദ്ദേഹം ഇരിങ്ങാലക്കുട പ്രവാസി അസോസിയേഷൻ പരിപാടികളിൽ പ്രതിഫലമൊന്നും വാങ്ങാതെ പങ്കെടുത്തിരുന്നു. ഉറ്റസുഹൃത്ത് ആശുപത്രിയിലാണെന്നറിഞ്ഞയുടൻ ചാക്കോ നാട്ടിലേക്ക് പോയിരുന്നു. ഇനി സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞേ മടങ്ങൂ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..