അക്കാഫ് അസോസിയേഷൻ സന്നദ്ധപ്രവർത്തകർ
ഷാർജ : പുണ്യമാസത്തിലെ ഏഴ് നോമ്പുകൾ പൂർത്തിയാകുന്ന സന്തോഷത്തിലാണ് വിശ്വാസികൾ. വ്രതാനുഷ്ഠാനത്തിന്റെ ശാരീരിക വിഷമതകൾ ഒട്ടുമില്ലെന്ന് മാത്രമല്ല മനസ്സ് പൂർണമായും പ്രാർഥനാ നിർഭരമാണെന്നും വിശ്വാസികൾ പറയുന്നു. റംസാനിൽ യു.എ.ഇ.യിൽ അന്തരീക്ഷ താപനില കൂടുതലില്ല. മാത്രമല്ല, ഇടയ്ക്കിടെ മഴ പെയ്യുന്നതും വ്രതമനുഷ്ഠിക്കുന്നവർക്ക് അനുഗ്രഹമാണ്. മിക്കയിടങ്ങളിലും സന്തുലിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. റംസാനിലെ ഓരോദിവസം പിന്നിടുമ്പോഴും നോമ്പുമായി കൂടുതൽ പൊരുത്തപ്പെടുകയാണ് വിശ്വാസികളുടെ മനസ്സും ശരീരവും. ഈ റംസാനിൽ അവസാന 10 ദിനങ്ങളിൽ 14 മണിക്കൂറിലധികം ദൈർഘ്യമുണ്ടാകും വ്രതത്തിന്. ഈ ആഴ്ച വ്രതം അവസാനിക്കുന്നത് 6.34 മുതൽ 6.36 വരെ സമയങ്ങളിലായിരിക്കും.
എങ്ങും ഇഫ്താറുകൾ
ദിനംപ്രതി നൂറുകണക്കിന് ഇഫ്താറുകളാണ് ചെറുതും വലുതുമായ സംഘടനകൾ യു.എ.ഇ. യിൽ സംഘടിപ്പിക്കുന്നത്. ഇഫ്താർ വിഭവങ്ങളൊരുക്കാനും മറ്റുമായി ഒട്ടേറെ സന്നദ്ധപ്രവർത്തകർ രംഗത്തുണ്ട്.
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മാസമാണിതെന്ന് ദിനംപ്രതി 1500-ലധികം ഇഫ്താർ കിറ്റുകൾ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന അക്കാഫ് അസോസിയേഷൻ സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ഷാർജ കെ.എം.സി.സി.യുടെ നൂറിലധികം സന്നദ്ധ പ്രവർത്തകരും ഇഫ്താർ ഒരുക്കുന്ന തിരക്കിലാണ്. തിരുവനന്തപുരം അനന്തപുരി പ്രവാസി അസോസിയേഷൻ 10000 കിറ്റുകളാണ് റംസാനിൽ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നത്. ചൊവ്വാഴ്ച മുതൽ കിറ്റുകൾ ക്യാമ്പുകളിലെത്തി തൊഴിലാളികൾക്ക് നൽകിത്തുടങ്ങി.
അബുദാബി, ദുബായ്, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവടങ്ങളിലെല്ലാം ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളാണ് സമൂഹ നോമ്പുതുറയ്ക്ക് നേതൃത്വം നൽകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..