ഷാർജ: യു.എ.ഇ. യിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ പിൻവലിച്ചതോടെ രോഗികളെ കൊണ്ടുപോകാനുള്ള സ്‌ട്രെച്ചർ സൗകര്യം ഇല്ലാതായി.
ദുബായ്, ഷാർജ എന്നിവടങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യയ്ക്ക് പകരം ബജറ്റ് എയർലൈൻ ആയ എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് നടത്തുന്നതോടെയാണ് അത്യാഹിത രോഗികളെ കൊണ്ടുപോകാനുള്ള സ്‌ട്രെച്ചർ ഇല്ലാതെയായത്. ഇതിൽ പ്രവാസി സാമൂഹിക പ്രവർത്തകരും സംഘടനകളും പ്രതിഷേധമറിയിച്ചിട്ടുണ്ട്.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ഒട്ടേറെപ്പേരാണ് യു.എ.ഇ. യിൽ ജോലിചെയ്യുന്നത്. ജോലിക്കിടയിലും മറ്റും അത്യാഹിതം സംഭവിക്കുന്നവരെ കേരളത്തിലെത്തിച്ച് അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കാൻ സ്‌ട്രെച്ചർ സൗകര്യമില്ലാതാകുന്നതോടെ രോഗികളും കുടുംബങ്ങളും വലിയ പ്രതിസന്ധിയിലാകും.
കേരളത്തിലേക്ക് സ്‌ട്രെച്ചറിൽ രോഗികളെ കൊണ്ടുപോകാൻ താരതമ്യേന ചെലവുകുറഞ്ഞ വിമാനസർവീസ് എയർ ഇന്ത്യയായിരുന്നു.
സാധാരണക്കാരായ രോഗികളെ എയർ ആംബുലൻസിൽ കൊണ്ടുപോകാനുള്ള സാമ്പത്തിക സാഹചര്യവും ഉണ്ടാകാറില്ല. നിലവിൽ യു.എ.ഇ. യിൽനിന്ന് കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് എയർ ഇന്ത്യയിൽ സ്‌ട്രെച്ചർ സൗകര്യമുള്ളത്. അതും പരിമിതമായ സർവീസ് മാത്രം. തിരുവനന്തപുരത്തേക്ക് നേരത്തേതന്നെ എയർ ഇന്ത്യ സർവീസ് പിൻവലിച്ച് എയർ ഇന്ത്യ എക്സ്‌പ്രസിലേക്ക് മാറിയിരുന്നു.
സീറ്റുകൾ ഏറെക്കാലം ബുക്ക് ചെയ്ത് വെക്കാനാവില്ല
എയർ ഇന്ത്യയ്ക്ക് പകരം എയർഇന്ത്യ എക്സ്‌പ്രസ് ആയതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഏറെദിവസം ബുക്ക്‌ചെയ്തുവെക്കാനുള്ള സൗകര്യവും (ഹോൾഡ് ഓപ്‌ഷൻ) ഇല്ലാതെയായി. എയർ ഇന്ത്യയിൽ നിരക്ക് പരിശോധിച്ച് മാസങ്ങൾക്കുമുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തുവെക്കാം. ഇൗ ടിക്കറ്റുകൾക്ക് പണമടയ്ക്കുന്നതിന് ധാരാളം സമയം ലഭിച്ചിരുന്നു. എന്നാൽ, എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാലുമണിക്കൂറിനുള്ളിൽ പണമടച്ച് ടിക്കറ്റെടുത്തിരിക്കണം. ഇല്ലെങ്കിൽ ബുക്കിങ് റദ്ദാകും.
ഇൻകാസ് പ്രതിഷേധിച്ചു
ഷാർജ : ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട് സെക്ടറിലേക്ക് എയർ ഇന്ത്യ വിമാനസർവീസ് പിൻവലിച്ചതിൽ ഇൻകാസ് പ്രതിഷേധിച്ചു.
മലബാറിനെ അവഗണിക്കുകയും സൗകര്യത്തോടെയുള്ള പ്രവാസികളുടെ യാത്ര ഇല്ലാതാക്കുകയുമാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഇൻകാസ് യു.എ.ഇ. ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ പറഞ്ഞു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരേ തുക
കുട്ടികൾക്ക് നൽകിയിരുന്ന യാത്രാനിരക്കിളവുകളും എയർ ഇന്ത്യ എക്സ്‌പ്രസ് നിർത്തലാക്കി. ബുധനാഴ്ച മുതൽ മുതിർന്നവർക്ക് തുല്യമായ നിരക്കുകൾ കുട്ടികൾക്കും നൽകണം. കുട്ടികൾക്ക് അടിസ്ഥാനനിരക്കിൽനിന്ന് ഇതുവരെ 25 ശതമാനം കുറവുണ്ടായിരുന്നു. വേനലവധിക്കും മറ്റും ഒരു കുടുംബത്തിന് നാട്ടിലെത്തി തിരിച്ചുവരണമെങ്കിൽ വിമാനയാത്രാനിരക്ക് മാത്രം വലിയതുകയാകും. എയർഇന്ത്യ എക്സ്‌പ്രസും എയർ ഏഷ്യയും ലയിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റിൽ കാര്യമായ പരിഷ്കാരങ്ങളാണ് നടന്നുവരുന്നത്. എയർ ഇന്ത്യ കോഴിക്കോട് സർവീസ് നിർത്തലാക്കിയതോടെ ഈ സെക്ടറിലേക്ക് ആഴ്ചയിൽ 2200 സീറ്റുകളുടെ കുറവാണ് ഉണ്ടായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..