സുഡാനിൽനിന്ന് ജിദ്ദയിലെത്തിച്ചവരെ സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജിനിയർ വലീദ് അൽഖുറൈജിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
ജിദ്ദ : ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽനിന്ന് സൗദി അറേബ്യ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചവരിൽ ഇന്ത്യക്കാരുമുള്ളതായി റിപ്പോർട്ട്. ഇതുവരെ 91 സൗദിപൗരരെയും മറ്റുരാജ്യക്കാരായ 66 ആളുകളെയും സൗദിയിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സൗദിയെയും ഇന്ത്യയെയും കൂടാതെ കുവൈത്ത്, ഖത്തർ, യു.എ.ഇ., ഈജിപ്ത്, ടുണീഷ്യ, പാകിസ്താൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, കാനഡ, ബർക്കിനാഫാസോ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ജിദ്ദയിലെത്തിച്ചവരിലുണ്ട്. ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലാണ് ഇന്ത്യക്കാർക്ക് താത്‌കാലികതാമസമൊരുക്കിയിരിക്കുന്നത്. മൂവായിരത്തോളം ഇന്ത്യക്കാർ സുഡാനിലുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അഞ്ചുകപ്പലുകൾ ജിദ്ദയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തിനായി രണ്ടുവിമാനങ്ങൾകൂടി ഇന്ത്യയിൽനിന്നെത്തും.
ശനിയാഴ്ചയാണ് സൗദി രക്ഷാപ്രവർത്തനം തുടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഉത്തരവിനെത്തുടർന്ന് സ്വന്തം പൗരരെയും സഹോദര-സൗഹൃദ രാജ്യങ്ങളിലെ പൗരരെയും ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. നയതന്ത്രജ്ഞരും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലെ പൗരർ റോയൽ സൗദി നേവൽ ഫോഴ്സ് നടത്തിയ ഒഴിപ്പിക്കലിലൂടെ ജിദ്ദയിലെത്തിയതായാണ് വിവരം. സൗദി എയർലൈൻസ് വിമാനത്തിലെ ജീവനക്കാരും എത്തിയവരുടെ കൂട്ടത്തിലുണ്ട്.
കപ്പലിലെത്തിയവരെ സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജിനിയർ വലീദ് അൽഖുറൈജ് സ്വീകരിച്ചു. സുരക്ഷിതമായെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം അവർ പ്രകടിപ്പിച്ചു. ജിദ്ദയിലെത്തിയ വിദേശപൗരർക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും അതത് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രാസൗകര്യങ്ങളും സൗദി ഒരുക്കുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..