ജിദ്ദ : മേഖലയുടെ ഐക്യം, സ്ഥിരത എന്നിവക്ക് ശക്തിപകരാൻ അറബ് ലീഗ് ഉച്ചകോടി സഹായകമാകുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച സൗദി അറേബ്യയെയും അദ്ദേഹം അഭിനന്ദിച്ചു. അറബ് പ്രശ്നങ്ങൾ പരിഹരിക്കാൻ സൗദി തീവ്ര പ്രയത്നങ്ങൾ നടത്തുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പറഞ്ഞു.
ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് 22 രാജ്യങ്ങളിലെയും പ്രതിനിധികൾ ഒരുമിച്ച് പങ്കെടുത്ത ചരിത്രപരമായ അറബ് ലീഗ് ഉച്ചകോടി വെള്ളിയാഴ്ച ജിദ്ദയിൽ ചേർന്നത്. അറബ് ലോകത്തും പുറത്തും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള അറബ് ലീഗിന്റെ ഏകീകൃത നിലപാട് ആവർത്തിച്ചുകൊണ്ടാണ് 32-ാമത് ഉച്ചകോടി സമാപിച്ചത്.
ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം, സുഡാനിലെ സംഘർഷം, യെമനിലെ സമാധാന പ്രക്രിയ, ലിബിയയിലെ അസ്ഥിരത, ലെബനന്റെ രാഷ്ട്രീയ സാഹചര്യം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചാവിഷയമായി. 2011-ൽ 22 അംഗരാജ്യങ്ങളിൽനിന്ന് സസ്പെൻഡ് ചെയ്തതിനുശേഷം അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയയെ ക്ഷണിച്ചത് ഇതാദ്യമാണ്. പാലസ്തീനികളുടെ ജീവൻ, സ്വത്തുക്കൾ, അസ്ഥിരത എന്നിവ ഉച്ചകോടിയിലെ പ്രധാന വിഷയമായിരുന്നു.
യു.എൻ. സെക്യൂരിറ്റി കൗൺസിൽ പ്രമേയം 242- ന്റെയും 2002-ലെ അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തിൽ പാലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിയുക്തവുമായ പരിഹാരം നേടുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം യോഗം അടിവരയിട്ടു.
സുഡാനിലെ ഏറ്റുമുട്ടലിൽ ഇതുവരെ 1,000- ത്തോളം പേരാണ് കൊല്ലപ്പെട്ടത്. സുഡാനിലെ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചതുടരും.
സംഘർഷം അവസാനിപ്പിക്കാനും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതക്കും ഭീഷണിയാകാതിരിക്കാനുള്ള ശ്രമം തുടരുമെന്നും ഉച്ചകോടിയിൽ നേതാക്കൾ തീരുമാനിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..