ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഡി.എസ്.സി.ഡി. ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി തുടങ്ങിയവർസെൻസസ് റിപ്പോർട്ട് അവതരിപ്പിക്കുന്നു
ഷാർജ : എമിറേറ്റിലെ ജനസംഖ്യയിൽ 22 ശതമാനം വളർച്ചയുണ്ടായതായി ഷാർജ സെൻസസ് റിപ്പോർട്ട്. 2015-ൽ 14 ലക്ഷമായിരുന്ന ജനസംഖ്യ 2022-ൽ 18 ലക്ഷമായെന്ന് ഷാർജ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് (ഡി.എസ്.സി.ഡി) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 11 ലക്ഷം പുരുഷൻമാരും അഞ്ച് ലക്ഷം സ്ത്രീകളും ഉൾപ്പെടെ 16 ലക്ഷം പേർ പ്രവാസികളാണ്. ഇമിറാത്തികളായ 2,08,000 പേരിൽ 1,03,000 പുരുഷന്മാരും 1,05,000 സ്ത്രീകളുമുണ്ട്.
മൊത്തം ജനസംഖ്യയിൽ 22 ശതമാനം പേരും ജോലി ചെയ്യുന്നവരാണ്. 2015-ലെ 8,56,000-ത്തിൽനിന്ന് 2022-ൽ ജോലി ചെയ്യുന്ന ജനസംഖ്യ 11 ലക്ഷമായി വർധിച്ചു. ഇതിനുപുറമെ ഷാർജയിലുടനീളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന വിദ്യാർഥികളുടെ എണ്ണത്തിലും വർധനയുണ്ട്. 2015-ലിത് 2,53,000 ആയിരുന്നെങ്കിൽ ഇപ്പോൾ 3,10,000 ആണ്. 23 ശതമാനമാണ് വർധന. ഇത് കൂടുതൽ പേർക്ക് വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ഷാർജയുടെ ശ്രമം വിജയിച്ചതിനുള്ള തെളിവാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2,49,000 പേരും പൊതുവിദ്യാലയങ്ങളിൽ 61,000 പേരുമാണ് പഠിക്കുന്നത്.
വിവിധ മേഖലകളുടെ വികസനത്തിനും പുരോഗതിക്കും സജീവമായി സംഭാവന ചെയ്യുന്ന യുവജനങ്ങളും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുമാണ് ഷാർജയുടെ സാമൂഹിക, സാമ്പത്തിക വിജയത്തിന് കാരണം. 20-നും 39 വയസ്സിനുമിടയിലുള്ള 9,14,000 വ്യക്തികളാണ് ഷാർജയിലുള്ളത്. മൊത്തം ജനസംഖ്യയുടെ 51 ശതമാനം വരുമിത്. 40 മുതൽ 59 വയസ്സുവരെയുള്ള 4,43,000 വ്യക്തികളുമുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 24 ശതമാനവുമാണ്. അതേസമയം 19 വയസ്സും അതിനുതാഴെയുമുള്ളവർ ആകെ 3,99,000 പേരാണ്. ജനസംഖ്യയുടെ 22 ശതമാനത്തോളം വരുമിത്. ജനസംഖ്യയുടെ മൂന്ന് ശതമാനത്തെ പ്രതിനിധീകരിക്കുന്ന 55,000-ത്തോളം പേർ 60 വയസ്സിന് മുകളിലുണ്ട്.
ഷാർജ നഗരപ്രദേശത്ത് മാത്രമായി 16 ലക്ഷം പേർ താമസിക്കുന്നുണ്ട്. ഖോർഫക്കാൻ- 53,000, കൽബ - 51,000, അൽ ദൈദ് - 33,000, അൽ ഹംരിയ - 19,000, അൽ മദാം - 18,000 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ താമസിക്കുന്നരുടെ എണ്ണം. ദിബ്ബ അൽ ഹിസ്‌നിയിലെ താമസക്കാരുടെ എണ്ണം 15,000 ആയി അടുത്തിടെ വർധിച്ചിട്ടുണ്ട്. അൽ ബത്തായിയിൽ 7000 വ്യക്തികളും മ്ലീഹയിൽ 6000 പേരുമാണ് താമസിക്കുന്നത്. 63,000 വീടുകൾ, 7000 ബഹുനിലകെട്ടിടങ്ങൾ, 38,000 വാണിജ്യകെട്ടിടങ്ങൾ ഉൾപ്പെടെ ഷാർജയിലെ ആകെ വാണിജ്യ, താമസകെട്ടിടങ്ങളുടെ എണ്ണം 2,44,000-ത്തോളമാണ്. എമിറേറ്റിലെ കുടുംബങ്ങളുടെ എണ്ണം 3,40,000 ആണ്. കൂടാതെ ഒന്നിലേറെ കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന 53,000 താമസക്കാർ വേറെയുമുണ്ട്.
ഷാർജയിലെ 10 നഗരങ്ങൾ, 97 ഗ്രാമപ്രദേശങ്ങൾ, 356 ഡിസ്ട്രിക്ട്, 7961 റെസിഡൻറ്‌ഷ്യൽ ബ്ലോക്കുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഡി.എസ്.സി.ഡി. സർവ്വേ നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..