അജ്‌വാൻ പദ്ധതിയുടെ രൂപരേഖ
ഷാർജ : ഖോർഫക്കാനിൽ പുതിയ വികസനപദ്ധതി പ്രഖ്യാപിച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ആകർഷകമായ നിക്ഷേപ അവസരങ്ങളൊരുക്കുകയും മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടുകയും ലക്ഷ്യമിട്ട് നിർമിക്കുന്ന ആഡംബര പാർപ്പിട പദ്ധതി, ഷാർജ റിയൽ എസ്റ്റേറ്റ് പ്രദർശനമായ ഏക്കേർസ് 2023-ൽ പ്രദർശിപ്പിച്ചു.
അജ്‌വാൻ എന്നുപേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാർപ്പിട കെട്ടിടങ്ങളും നീന്തൽക്കുളവും മിനി വാട്ടർ തീം പാർക്കുമടക്കം ഒട്ടേറെ സൗകര്യങ്ങളുമൊരുങ്ങുന്നുണ്ട്.
ഖോർഫക്കാൻ മലനിരകൾക്കും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഭൂപ്രകൃതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അജ്‌വാന്റെ രൂപകൽപ്പന. വാണിജ്യാവസരങ്ങളും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന അന്തരീക്ഷവുമൊരുക്കുന്ന പദ്ധതി തീരദേശ പട്ടണത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് കരുതപ്പെടുന്നത്. 2, 3, 4 കിടപ്പമുറി അപ്പാർട്ട്മെന്റുകൾ മുതൽ വിശാലമായ മൂന്ന്, നാല് കിടപ്പുമുറി ഡ്യുപ്ലെക്സ് വസതികൾ വരെ ഉൾപ്പെടുന്ന, 184 വസതികളാണ് പദ്ധതിയിലുണ്ടാവുക. ആറ് താമസ കെട്ടിടങ്ങളിലായാണ് ഇത് നിർമിക്കുന്നത്.
ഖോർഫക്കാൻ കടൽത്തീര കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിലാണ് നിർമാണം. കൂടാതെ ആംഫി തിയേറ്റർ, വെള്ളച്ചാട്ടം എന്നിവയിൽനിന്നെല്ലാം വെറും അഞ്ച് മിനിറ്റ് മാത്രം ദൂരത്തിലാണ് പദ്ധതി.
പദ്ധതിവരുന്നതോടെ ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുമെന്നും കൂടുതൽ നിക്ഷേപ അവസരങ്ങളൊരുക്കുമെന്നും ഷുറൂഖ് സി. ഇ.ഒ അഹ്മദ് അൽ ഖസീർ പറഞ്ഞു. ഷുറൂഖ് ചെയർപേഴ്‌സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഷാർജയിലെ വൈവിധ്യമാർന്ന ടൂറിസം, സാംസ്‌കാരിക, നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഖോർഫക്കാൻ തുറമുഖത്തിന് സമീപമായി കടൽത്തീരവും പർവതനിരകളുംകൊണ്ട് ചുറ്റപ്പെട്ട് 65,269 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി വരുന്നത്.
ഷൂറൂഖിന്റെ നേതൃത്വത്തിൽ നിർമാണം പുരോഗമിക്കുന്ന സുസ്ഥിരവികസന പദ്ധതികളായ ഷാർജ സസ്റ്റൈനബിൾ സിറ്റി, മറിയം ഐലൻഡ് തുടങ്ങിയ പദ്ധതികളടക്കം ഷാർജ ഏക്കേർസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിക്ഷേപകരുടെയും പ്രവാസിസമൂഹത്തിന്റെയുമെല്ലാം വാണിജ്യവിപണി താത്പര്യങ്ങൾക്കനുസരിച്ചുള്ള ഒട്ടേറെ പുതിയ അവസരങ്ങളെക്കുറിച്ചറിയാനും മേള അവസരമാരുക്കും. 28 വരെയാണ് ഏക്കേർസ് 2023 പ്രദർശനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..