ജിദ്ദ : ഹാജിമാരുടെ യാത്രയിൽ കരുതേണ്ടവസ്തുക്കളുടെ കൂടുതൽ വിവരങ്ങൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തുവിട്ടു. 60,000 റിയാലിൽ കവിയാത്ത പണമടക്കമുള്ള വസ്തുക്കൾ മാത്രമേ കൊണ്ടുവരാനും കൊണ്ടുപോകുവാനും അനുമതിയുള്ളൂ എന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അതിനുപുറമെയാണ് കൂടുതൽവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ സൗദിയിലേക്ക് വരുമ്പോഴും പോകുമ്പോഴുമെല്ലാം കസ്റ്റംസ് ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടതുണ്ട്. 60,000 റിയാലിൽ കൂടുതലുള്ള പ്രാദേശിക-വിദേശ കറൻസികൾ കൈവശംവെക്കുക, 60,000 റിയാൽവരെ വിലയുള്ള സ്വർണക്കട്ടികളോ ആഭരണങ്ങളോ കൈവശംവെക്കുക, ഇറക്കുമതി-കയറ്റുമതി നിരോധിത പുരാവസ്തുക്കളും മറ്റും കൊണ്ടുപോവുക, വാണിജ്യാടിസ്ഥാനത്തിലുള്ള സാധനങ്ങൾ കൊണ്ടുപോകുക, 3000 റിയാലിൽ കൂടുതൽ മൂല്യമുള്ള തിരഞ്ഞെടുത്ത നികുതിക്ക് വിധേയമായ ചരക്കുകൾ കൊണ്ടുപോകുക എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
60,000 റിയാലിൽ കൂടിയവ ഉണ്ടെങ്കിൽ മുൻകൂട്ടി അധികൃതരെ അറിയിക്കണം. വിമാനയാത്രികർ നിരോധിതവസ്തുക്കൾ കൊണ്ടുവരരുതെന്നും നിർദേശത്തിലുണ്ട്. നിരോധിത പ്ളാസ്റ്റിക് ബാഗുകൾ, പൊതിഞ്ഞുകെട്ടാത്ത ലഗേജുകൾ, വെള്ളമടക്കമുള്ള ദ്രാവകങ്ങൾ, തുണിയിൽ പൊതിഞ്ഞ ലഗേജുകൾ എന്നിവ ഒഴിവാക്കണം. 3000 റിയാലിന് മുകളിലുള്ള സാധനങ്ങൾക്ക് നികുതി അടയ്ക്കേണ്ടിവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..