ദുബായ് : എണ്ണയിതര സമ്പദ്ഘടനയെന്നലക്ഷ്യം മുൻനിർത്തി യു.എ.ഇ. നടപ്പാക്കുന്ന കോർപ്പറേറ്റ് നികുതിസംവിധാനം ജൂൺ ഒന്നിനോ അതിനുശേഷമോ ആരംഭിക്കുന്ന സാമ്പത്തികവർഷം മുതൽ പ്രാബല്യത്തിലാവും. ഈമേഖലയിലെ വിപ്ലവകരമായ ചുവടുവെപ്പിനാണ് യു.എ.ഇ.ഒരുങ്ങുന്നത്. പരമ്പരാഗതമായി നികുതിരഹിത സമ്പദ്ഘടനയായി നിലനിന്നിരുന്ന യു.എ.ഇ. അടക്കമുള്ള ഗൾഫ്‌രാജ്യങ്ങൾനടത്തുന്ന ഇത്തരം പരിഷ്കാരങ്ങൾ യൂറോപ്യൻ യൂണിയൻ/എഫ്.എ.ടി.സി.എ. മുതലായ നിയമസംവിധാനങ്ങളിൽ ഇവർക്കുണ്ടാകുന്ന പല സാങ്കേതിക തടസ്സങ്ങളും മാറ്റാനുതകുമെന്നാണ് വിലയിരുത്തൽ. ആയിരക്കണക്കിന് സംരംഭകരും അക്കൗണ്ടിങ് ഫിനാൻസ് മേഖലകളിൽ തൊഴിലെടുക്കുന്നവരും ഉൾപ്പെട്ട യു.എ.ഇ. സമൂഹം പുതിയനികുതിനയം മനസ്സിലാക്കിയിരിക്കണം. കൂടുതൽ സംശയനിവാരണത്തിന് കമ്പനികളുംവ്യക്തികളും വിദഗ്ധരുമായി കൂടിയാലോചിക്കുകയും വേണം.
എന്താണ് കോർപ്പറേറ്റ് നികുതി
തങ്ങളുടെ ബിസിനസിൽനിന്നുള്ള അറ്റാദായം (നെറ്റ് പ്രോഫിറ്റ്) ഒരു നിശ്ചിതതുകയ്ക്കുമുകളിൽ വരുമ്പോൾ അതിന്റെ ഒരുപങ്ക് നികുതിയായി സർക്കാരിലേക്ക് അടയ്ക്കുന്നതിനെയാണ് കോർപ്പറേറ്റ് നികുതിയെന്നതുകൊണ്ട് അർഥമാക്കുന്നത്. ബിസിനസിന്റെ മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തിലല്ല നികുതിനൽകേണ്ട വരുമാനത്തിന്റെ പരിധി നിർണയിച്ചിരിക്കുന്നത്. 3,75,000 ദിർഹവും അതിൽക്കൂടുതലും ലാഭമുള്ള കമ്പനികളിൽനിന്നാണ് വ്യവസ്ഥകളോടെ ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതിയീടാക്കുക. എന്നാൽ നികുതി നൽകേണ്ട ലാഭമുണ്ടെങ്കിലും 30 ലക്ഷംദിർഹത്തിന് താഴെ വരുമാനമുള്ള ചെറുകിട, സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങൾക്ക് നികുതിയിൽ ഇളവുനൽകും.
ലോകത്തിലെ കുറഞ്ഞനികുതി
യു.എ.ഇ.യുടെ കോർപ്പറേറ്റ് നികുതി ലോകത്തിലെ ഏറ്റവും കുറഞ്ഞനികുതികളിലൊന്നാണ്. ചിലരാജ്യങ്ങൾ 30 ശതമാനം വരെ കോർപ്പറേറ്റുനികുതി ചുമത്തുന്നുണ്ട്. സർക്കാരുകളുടെ വരുമാനം വൈവിധ്യവത്കരിക്കുന്നതിനായി മിക്കവാറും എല്ലാ രാജ്യങ്ങളിലും ബിസിനസുകാർക്ക് കോർപ്പറേറ്റ് നികുതി ചുമത്തുന്നുണ്ടെന്ന് യു.എ.ഇ. ധനകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ആരെയൊക്കെ ഒഴിവാക്കിയിട്ടുണ്ട്
ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം താഴെപറയുന്ന സ്ഥാപനങ്ങളെ കോർപറേറ്റ് നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർസ്ഥാപനങ്ങൾ, സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, എക്സ്ട്രാക്ടിങ് ബിസിനസുകൾ അഥവാ ഖനനമേഖലയിലെ സ്ഥാപനങ്ങൾ, പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന നോൺ എക്സ്ട്രാക്ടീവ്രംഗത്തെ സ്ഥാപനങ്ങൾ, യു.എ.ഇ.യിൽ വരുമാനസ്രോതസ്സുള്ളതും എന്നാൽ യു.എ.ഇ.യിൽ സ്ഥാപനമോ താമസവിസയോ ഇല്ലാത്ത ബിസിനസുകാർക്കും കോർപ്പറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
നികുതിചുമത്തുന്നത് എന്തുകൊണ്ട്
യു.എ.ഇ.യുടെ ആഗോളസാമ്പത്തിക മത്സരശേഷി വർധിപ്പിക്കുന്നതിനായാണ് സംയോജിത നികുതിവ്യവസ്ഥ നടപ്പാക്കുന്നത്. എണ്ണയിതര സമ്പദ് ഘടനയെന്ന ലക്ഷ്യത്തിലൂടെ രാജ്യവികസനവും നടപ്പാകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..