ദുബായ് : യു.എ.ഇ.യിൽ അമുസ്‌ലിം ആരാധനാലയങ്ങൾ സംബന്ധിച്ച കരടുനിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്.എൻ.സി.) അംഗീകാരം നൽകി. രാജ്യത്തെ പ്രത്യേക സാമ്പത്തികമേഖലകളിലുള്ള (ഫ്രീസോൺ) അമുസ്‌ലിം ആരാധനാലയങ്ങൾക്കുൾപ്പെടെ പുതിയനിയമം ബാധകമായിരിക്കും.
അബുദാബി പാർലമെന്റ് ആസ്ഥാനത്ത് എഫ്.എൻ.സി. സ്പീക്കർ സഖർ ഗോബാഷിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് നിയമത്തിന് അംഗീകാരം നൽകിയത്. രാജ്യത്തെ അമുസ്‌ലിം ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവ പരിശോധിക്കുന്നതിനും തരംതിരിക്കുന്നതിനും കമ്മിറ്റി രൂപവത്കരിക്കാൻ കരട് നിയമം നിർദേശിക്കുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാർശകൾ അടിസ്ഥാനമാക്കി കമ്മിറ്റിയുടെ ഘടന, പ്രവർത്തനരീതി, മറ്റ് ഉത്തരവാദിത്വങ്ങൾ എന്നിവയെല്ലാം യു.എ.ഇ. മന്ത്രിസഭ തീരുമാനിക്കും.
നിലവിൽ രജിസ്റ്റർചെയ്തവയും ലൈസൻസുള്ളവയുമായ ആരാധനാലയങ്ങൾ നിലനിർത്തും. നിയമവിധേയമാക്കാത്തവ ആറുമാസത്തിനകം നിയമവിധേയമാക്കണം. പ്രാർഥനാമുറിക്കും ആരാധനാലയത്തിനും ലൈസൻസ് നൽകാൻ പ്രത്യേക അതോറിറ്റിയുണ്ടാകും. പ്രത്യേക സാമ്പത്തികമേഖലയിലെ പ്രാർഥനാമുറിക്കും പ്രത്യേക അനുമതിവേണം. എല്ലാ അമുസ്‌ലിം ആരാധനാലയങ്ങൾക്കും യു.എ.ഇ. ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലും മുറികളിലും മാത്രമായിരിക്കണം ആരാധന.
അധികൃതരുടെ അനുമതികൂടാതെ ആരാധനാകർമങ്ങൾ നിർവഹിച്ചാൽ പിഴയീടാക്കും. അനുമതികൂടാതെ ആരാധനാമുറികൾ അനുവദിക്കുന്നവരും പിഴശിക്ഷയും ഇതരനടപടികളും നേരിടേണ്ടിവരും. നിയമലംഘനങ്ങൾക്ക് ഒരുലക്ഷം മുതൽ 30 ലക്ഷം ദിർഹം (22.5 ലക്ഷം മുതൽ 6.75 കോടി രൂപ വരെ) വരെയായിരിക്കും പിഴ. എക്സിക്യുട്ടീവ് റെഗുലേഷൻസ് നടപ്പാക്കി ആറുമാസത്തിനകം അമുസ്‌ലിം ആരാധനാലയങ്ങൾ നിയമങ്ങൾ പാലിച്ചിരിക്കണമെന്നും പുതിയനിയമം അനുശാസിക്കുന്നു.
അമുസ്‌ലിം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആദ്യത്തെ ഫെഡറൽനിയമമാണിത്. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് കരടുനിയമം ലക്ഷ്യമിടുന്നത്. യു.എ.ഇ.യിൽ എല്ലാ മതവിഭാഗങ്ങൾക്കും ആരാധനാലയങ്ങൾ അനുവദിച്ചിട്ടുണ്ട്. ഈ മതവിഭാഗങ്ങൾക്കെല്ലാം സമ്പൂർണ നിയമസമത്വം ഉറപ്പുനൽകുന്നതാണ് പുതിയനിയമം.
200 രാജ്യക്കാർ അധിവസിക്കുന്ന യു.എ.ഇ.യിൽ എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ വിശ്വാസമനുസരിച്ച് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് പുതിയനിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എഫ്.എൻ.സി. സാമൂഹിക, തൊഴിൽ, താമസ, മാനവവിഭവശേഷി സമിതി അധ്യക്ഷ നാഇമ അൽ മൻസൂരി പറഞ്ഞു


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..