ഷാർജ വ്യവസായമേഖല പുരോഗതിയിൽ


1 min read
Read later
Print
Share

കഴിഞ്ഞവർഷം പുതുക്കിയത് 2401 ലൈസൻസുകൾ

ഷാർജ: വ്യവസായമേഖലയിലൂടെ ഷാർജയുടെ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിൽ. നിർമാണമേഖലയിലാണ് എമിറേറ്റ് കൂടുതൽ വളർച്ച കൈവരിച്ചത്. രണ്ടാമത് എമിറേറ്റ്‌സ് വാർഷിക സാമ്പത്തികസമ്മേളനത്തിൽ പങ്കെടുത്ത് ഇൻവെസ്റ്റ് ഇൻ ഷാർജ (എഫ്.ഡി.ഐ.) അധികൃതരാണ് ഇക്കാര്യമറിയിച്ചത്. വാണിജ്യ-വ്യവസായ മന്ത്രാലയം, നൂതന സാങ്കേതികമന്ത്രാലയം, അഡ്നോക്, അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെക്നോളജി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഷാർജയിൽ സാമ്പത്തിക സമ്മേളനം സംഘടിപ്പിച്ചത്.

കഴിഞ്ഞവർഷം ഷാർജയിൽ 2401 വ്യവസായ ലൈസൻസുകളാണ് പുതുക്കിയത്. പ്രതിവർഷം ഏഴുശതമാനം വർധനയാണ് ലൈസൻസ് പുതുക്കലിൽ രേഖപ്പെടുത്തിയത്. ജി.ഡി.പി.യുടെ 16.7 ശതമാനവും സംഭാവനചെയ്യുന്നത് ഷാർജയിലെ നിർമാണമേഖലയാണ്. യു.എ.ഇ.യുടെ നിർമാണവ്യവസായം 35 ശതമാനവും ഷാർജയിലാണെന്നത് എമിറേറ്റിന്റെ ഈ രംഗത്തെ വളർച്ചാപുരോഗതി തെളിയിക്കുന്നു.

33 വ്യവസായമേഖലകളും ആറ് ഫ്രീസോണുകളും ഷാർജയിൽ പ്രവർത്തിക്കുന്നുണ്ട്. ത്രിമാന അച്ചടിസാങ്കേതികവിദ്യകൾ, വ്യാവസായിക ഓട്ടോമേഷൻപദ്ധതി, റോബോട്ടിക്സ്, ഡ്രോൺവിമാനങ്ങൾ എന്നിവയിലടക്കം ഇതിനകം ഷാർജ വൻ പുരോഗതിയിലാണെന്നാണ് എഫ്.ഡി.ഐ. ഓഫീസിന്റെ വിലയിരുത്തൽ.

അറേബ്യൻ ഗൾഫിൽ ഷാർജയിലാണ് ഒന്നിലേറെ തുറമുഖങ്ങളുള്ളത്. പെട്രോ കെമിക്കൽ, പ്ലാസ്റ്റിക്, മെറ്റൽ, തുണി, അച്ചടി, പാക്കേജിങ്, ഭക്ഷ്യസംസ്കരണം തുടങ്ങി വൈവിധ്യവ്യവസായങ്ങൾ വളർച്ചയുടെ പാതയിലാണ്. നൂതന ഉത്പാദനമേഖലകളും ഷാർജയിൽ തുടക്കംകുറിക്കുകയാണ്. എമിറേറ്റിലെ വ്യവസായനിക്ഷേപത്തിന്റെ അനുകൂലസാധ്യതകൾ സമ്മേളനം വിശദീകരിച്ചു. നിക്ഷേപകർ പുതിയ അവസരങ്ങൾ സാധ്യതകളാക്കിക്കൊണ്ട് രാജ്യത്തിന്റെ മൊത്തം സാമ്പത്തികവളർച്ചയുടെ ഭാഗമാകണമെന്നും ഷാർജ എഫ്.ഡി.ഐ. ഓഫീസ് ഓർമിപ്പിച്ചു. ജി.സി.സി. വിപണിയിലുടനീളം ഷാർജയുടെ മുൻനിരപ്രാതിനിധ്യം ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്ന് ‘ഇൻവെസ്റ്റ് ഇൻ ഷാർജ’ സി.ഇ.ഒ. മുഹമ്മദ് ജുമാ അൽ മുഷ്റാഖ് സമ്മേളനത്തിൽ വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..