Caption
കൊച്ചി
: ജർമനിയിലെ സാമ്പത്തികമാന്ദ്യം ഇന്ത്യൻ കയറ്റുമതിയെ പിടിച്ചുലയ്ക്കുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും കേരളത്തിന്റെ കയറ്റുമതിരംഗത്തിന് അത്ര പേടിക്കാനില്ല. ചെറിയതോതിലുള്ള കയറ്റുമതി മാത്രമാണ് കേരളത്തിൽനിന്നും ജർമനിയിലേക്കുള്ളത്. അതിൽത്തന്നെ കൂടുതലും അവശ്യവസ്തുക്കളും ഭക്ഷ്യവിഭവങ്ങളുമായതിനാൽ മാന്ദ്യം കേരളത്തിലെ വ്യവസായങ്ങൾക്കുമേൽ പെട്ടെന്നുള്ള ആഘാതമുണ്ടാക്കില്ല.
കഴിഞ്ഞ രണ്ട് പാദങ്ങളിലും തുടർച്ചയായി വളർച്ചനിരക്ക് കുറഞ്ഞതോടെയാണ് ജർമനി ഔദ്യോഗികമായി മാന്ദ്യത്തിലേക്ക് വീണത്. ജർമനി മാത്രമല്ല, മിക്ക യൂറോപ്യൻ രാജ്യങ്ങളും മാന്ദ്യഭീഷണിയിലാണ്. മാന്ദ്യം ജർമനിയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തിരിച്ചടിയാകുമെന്ന് പറയുന്നുണ്ടെങ്കിലും നിലവിലുള്ള കയറ്റുമതി ഓർഡറുകളൊന്നും പിൻവലിക്കപ്പെട്ടിട്ടില്ലെന്നും, അത്തരമൊരു നീക്കം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരളത്തിൽനിന്നുള്ള കയറ്റുമതിക്കാർ പറയുന്നു.
അതേസമയം, താത്കാലികമായി പുതിയ ഓർഡറുകൾ നൽകുന്നത് നിർത്തിവെക്കാൻ സാധ്യതയുണ്ട്. ഇത്, വലിയ പ്രത്യാഘാതമുണ്ടാക്കില്ല. എന്നാൽ, യൂറോപ്പിലാകെ മാന്ദ്യം രൂക്ഷമായാൽ സ്ഥിതിഗതികൾ മാറുമെന്നും കോവിഡ് കാലത്തുണ്ടായതിനു സമാനമായ മെല്ലെപ്പോക്ക് വിപണിയിൽ പ്രകടമാകുമെന്ന ആശങ്കയും വ്യവസായികൾ പങ്കുവെച്ചു. കോവിഡ് കാലത്ത് ഓർഡറുകൾ മരവിപ്പിച്ചതും ഇന്ത്യൻ സമുദ്രോത്പന്നങ്ങൾ അടക്കമുള്ളവയ്ക്ക് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതും സംസ്ഥാനത്തിന്റെ കയറ്റുമതിരംഗത്തിന് തിരിച്ചടിയായിരുന്നു.
.84 കോടി ഡോളറിന്റെ കയറ്റുമതി
കഴിഞ്ഞ സാമ്പത്തികവർഷം (2022-23) ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം ജർമനിയിലേക്കുള്ള കയറ്റുമതിയിൽനിന്നും 10.84 കോടി ഡോളറിന്റെ വരുമാനമാണ് സംസ്ഥാനം നേടിയത്. 91 ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു. സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, രാസവസ്തുക്കൾ, കാപ്പി, തേയില, കയർ ഉത്പന്നങ്ങൾ, ചെരിപ്പ് ഒഴികെയുള്ള റബ്ബർ ഉത്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും കേരളം കയറ്റുമതി ചെയ്യുന്നത്. ഏറ്റവും കൂടുതൽ പോകുന്നത് സുഗന്ധവ്യഞ്ജനങ്ങളും രാസപദാർഥങ്ങളും കാപ്പിയുമാണ്. 2021-22-ൽ 161.2 ലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ് കേരളത്തിൽനിന്നും ജർമനിയിലേക്ക് കയറ്റി അയച്ചത്. 80.6 ലക്ഷം ഡോളറിന്റെ രാസപദാർഥങ്ങളും 57.8 ലക്ഷം ഡോളറിന്റെ കാപ്പിയും 57.4 ലക്ഷം ഡോളറിന്റെ കശുവണ്ടിയും സംസ്ഥാനം കയറ്റി അയച്ചു.
ഇന്ത്യയിൽനിന്നുള്ള മൊത്തം കയറ്റുമതിയെടുത്താൽ തുണിത്തരങ്ങൾ, റബ്ബർ ഉത്പന്നങ്ങൾ, ചെരിപ്പ് എന്നിവയാണ് ജർമനിയിലേക്കുള്ള പ്രധാന കയറ്റുമതി. ഇവയുടെ കയറ്റുമതിയെ മാന്ദ്യം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..