: കളിച്ചും രസിച്ചും കുറുമ്പുകാണിച്ചും ഓടിക്കളിക്കുന്ന മിടുക്കിക്കുട്ടിക്ക് ക്യാമറ കണ്ടാൽപ്പിന്നെ ‘ആറ്റിറ്റ്യൂഡ്’ വരും. ആരും അഭിനയിച്ചു കാണിക്കുകയൊന്നും വേണ്ട. ഏത് പോസ് വേണമെന്ന് ചുമ്മാ പറഞ്ഞുകൊടുത്താൽമാത്രം മതി. അത് അണുവിട വ്യത്യാസമില്ലാതെ കാണിച്ച് കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് തൃശ്ശൂർ മാള സ്വദേശിനിയായ സെറ സനീഷ്.
പെട്ടെന്ന് ആരോടും അടുക്കുന്ന പ്രകൃതമല്ലെങ്കിലും ക്യാമറയോട് വലിയ പ്രിയമാണ്. ക്യാമറ കണ്ടാൽപ്പിന്നെ ചിരിയും ദേഷ്യവും പിണക്കവും സങ്കടവുമെല്ലാം മുഖത്ത് ഞൊടിയിടയിൽ മിന്നിമായും. അങ്ങനെ കുട്ടികളുടെ മോഡലിങ് രംഗത്ത് താരമാവുകയാണ് ഈ നാലരവയസ്സുകാരി.
മാമോദീസ ചടങ്ങിൽവെച്ചാണ് സെറയിലെ ക്യാമറാ താത്പര്യം മാതാപിതാക്കളായ സനിഷും സിജിയും മനസ്സിലാക്കുന്നത്. ചടങ്ങിന് ഫോട്ടോയെടുക്കാനെത്തിയ സിനിമാപ്രവർത്തകരാണ് ക്യാമറയ്ക്കുമുമ്പിലെ കുട്ടിയുടെ വേറിട്ട മുഖങ്ങൾ ഇവർക്ക് പരിചയപ്പെടുത്തിയത്. അന്നത്തെ ആൾക്കൂട്ടത്തിനിടയിലും ക്യാമറയെ സെറ എത്രമാത്രം ശ്രദ്ധിച്ചെന്ന് ഫോട്ടോകളിൽ വ്യക്തവുമാണ്. പിന്നീട് പല അവസരങ്ങളിലായി നടത്തിയ ഫോട്ടോഷൂട്ടിലൂടെ ഒരു കുട്ടിമോഡൽ വളർന്നുവരുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു.
മോഡലിങ്ങിനോടുള്ള ഇഷ്ടത്തിന് പൂർണപിന്തുണ നൽകിക്കൊണ്ട് മകൾക്കായി കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ഈ മാതാപിതാക്കൾ. അസാധാരണമായ കഴിവിലൂടെ ഈ ചെറിയ പ്രായത്തിൽത്തന്നെ മോഡലിങ് രംഗത്ത് ചുവടുറപ്പിക്കാൻ സെറയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ മുൻനിര ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ, പ്രമുഖ അന്താരാഷ്ട്ര മാസികകളുടെ മുഖചിത്രവുമായി.
യുണൈറ്റഡ് ഫാഷൻ ഫെഡറേഷൻ അംഗമാണ് ഈ കുട്ടിത്താരം. സാമൂഹികമാധ്യമങ്ങളിലും ഇന്റർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും മിടുക്കിക്ക് ഒട്ടേറെ ആരാധകരാണുള്ളത്. ഇപ്പോൾ സിനിമാരംഗത്തേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞു സെറ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..