.
ഷാർജ : ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽതേടി ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി സന്ദർശക വിസയിലെത്തുന്നത്. അതിൽ യു.എ.ഇ.യിലാണ് ഭൂരിഭാഗം പ്രവാസികളുമെത്തുന്നത്. പലർക്കും മികച്ച വരുമാനമുള്ള തൊഴിൽ ലഭിക്കുമ്പോൾ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ഒരുവിഭാഗം ആളുകൾ പെരുവഴിയിലാകുന്നുണ്ട്.
ആഹാരമോ താമസസൗകര്യമോ ഇല്ലാതെ പാർക്കിലും നിർമാണം നടക്കുന്ന കെട്ടിടങ്ങളിലുമാണ് ഇത്തരക്കാർ കഴിയുന്നത്. ഏജന്റുമാരുടെ തട്ടിപ്പിൽ കുടുങ്ങി ആയിരക്കണക്കിന് മലയാളികൾ പലയിടങ്ങളിലായി കഴിയുന്നുണ്ട്.
ഇന്ത്യൻ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ കോൺസുലേറ്റിന്റെ സഹായത്തോടെ പലരെയും നാട്ടിലേക്ക് കയറ്റിവിടുന്നുണ്ടെങ്കിലും ആരും സഹായിക്കാനില്ലാതെയും ഒരുവിഭാഗം പാർക്കുകളിൽ കഴിയുന്നുണ്ട്.
ഷാർജ സൗദി പള്ളിക്കു സമീപമുള്ള പാർക്കിൽ ഇത്തരത്തിൽ ഏജന്റുമാരുടെ തട്ടിപ്പിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ളവരെ നിരന്തരം കണ്ടുമുട്ടാറുണ്ടെന്ന് സാമൂഹികപ്രവർത്തകരും പറയുന്നു.
കെ.എം.സി.സി.പോലുള്ള വിവിധ സംഘടനകളും ഇങ്ങനെ ദുരിതത്തിലായവരെ നാട്ടിലേക്കയക്കാൻ മുന്നിട്ടിറങ്ങാറുണ്ട്. രണ്ടുദിവസംമുമ്പ് പാർക്കിൽവെച്ച് ബംഗാളികളുടെ അക്രമണത്തിനിരയായി വലതുകൈ നഷ്ടപ്പെട്ട തമിഴ്നാട് സ്വദേശിയെ ദുബായ് കെ.എം.സി.സി. ഇടപെട്ട് നാട്ടിലേക്കയച്ചത് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.
ഏജന്റുമാർക്ക് പണം നൽകി സന്ദർശക വിസയിൽ നാട്ടിൽനിന്ന് പറക്കുന്നതിനുമുമ്പേ വിശദമായി അന്വേഷിക്കണമെന്ന കാര്യം പലരും ഗൗരവത്തിലെടുക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾ അധികരിക്കാൻ കാരണമെന്ന് സംഘടനാപ്രവർത്തകർ ഓർമിപ്പിക്കുന്നു. ഇല്ലാത്ത കമ്പനികളുടെ പേരിൽപ്പോലും വ്യാജ നിയമന ഉത്തരവു നൽകി തട്ടിപ്പ് നടത്തുന്നതും സജീവമാണ്.
അഭയംതേടുന്നവരെ കാത്തും ചതിക്കുഴികൾ
പാർക്കുകളിലും മറ്റും ആരും സഹായിക്കാനില്ലാതെ ബുദ്ധിമുട്ടിൽ കഴിയുന്ന പാവങ്ങളെ സ്വർണക്കള്ളക്കടത്തിനും മറ്റും ചിലർ കരുവാക്കാറുണ്ട്.
ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം ഏജന്റുമാർ ഇവരെ സമീപിക്കുന്നു. സ്ഥലവും പേരും മറ്റു വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം നാട്ടിലേക്ക് കയറ്റിവിടാമെന്ന് വാക്കുനൽകുന്നു. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് കരുതുന്നവരെ ഏജന്റുമാർ ചില സാധനങ്ങൾ ഏൽപ്പിക്കുകയും നാട്ടിലെ വിമാനത്താവളങ്ങൾക്കുപുറത്ത് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ചതിയിൽപ്പെടുകയാണെന്നറിയാതെ നാട്ടിലേക്ക് ടിക്കറ്റെടുത്ത് നൽകുന്നവരോടുള്ള നന്ദിയായി അവർ നൽകുന്ന സാധനങ്ങൾ ആളുകൾ കൊണ്ടുപോകുന്നു. വിമാനത്താവളങ്ങളിൽ പിടിവീഴുമ്പോഴാണ് ചതിക്കപ്പെട്ട വിവരമറിയുക. ഇത്തരം സംഭവങ്ങൾ സന്ദർശക വിസയിലെത്തുന്നവരെ പറഞ്ഞ് ബോധ്യപ്പെടുത്താറുണ്ടെന്ന് ഷാർജയിലെ ട്രാവൽ ഏജന്റ് പ്രതിനിധി പറഞ്ഞു.
അങ്ങനെ തട്ടിപ്പ് നടത്തുന്ന ഏജന്റുമാർക്ക് വിസ നൽകാറില്ലെന്നും ട്രാവൽ ഏജന്റുമാർ ഓർമിപ്പിക്കുന്നു. സ്വയമറിയാതെ ‘സ്വർണക്കടത്തുകാർ’ ആകേണ്ടിവരികയാണ് പലരും.
അധികൃതരുടെ മുന്നറിയിപ്പുകൾ മനസ്സിലാക്കുകയും അതാത് രാജ്യത്തിന്റെ നിയമം പാലിക്കുകയും വേണം. ചതിയിൽപ്പെടുന്നവർ ആദ്യം കോൺസുലേറ്റുകളിലും സമീപത്തെ അംഗീകൃത സന്നദ്ധസംഘടനകളെയുമാണ് അറിയിക്കേണ്ടത്.
യു.എ.ഇ.യിലെ പോലീസും ഏജന്റുമാരുടെ ചതികളിൽപ്പെടുന്നവരെ സഹായിക്കാനുണ്ടാകും.
Content Highlights: Sharjah, Employees, UAE
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..