തിരഞ്ഞെടുപ്പ് നടത്തി, 100% ശമ്പള വർധന; ശൈഖ് ഖലീഫയ്ക്ക് ആദരവുമായി ബുര്‍ജ് ഖലീഫ


പി.പി.ശശീന്ദ്രന്‍

ശൈഖ് ഖലീഫയ്‌ക്കൊപ്പം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഫോട്ടോ: എ.എഫ്.പി

യു.എ.ഇ. എന്ന രാജ്യത്തിന് ഇപ്പോൾ 50 വയസ്സ്. ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന യു.എ.ഇ. വളർന്നതിനുപിന്നിൽ മഹാന്മാരായ ഭരണാധികാരികളുടെ ദീർഘവീക്ഷണവും ധിഷണയും അധ്വാനവുമുണ്ട്‌. അതിനെക്കാൾ പ്രധാനമായിരുന്നു, യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ പല ദേശക്കാരെ സ്വീകരിക്കാനും അവരെ ഉൾക്കൊള്ളാനും യു.എ.ഇ.യുടെ ഭരണാധികാരികളും സ്വദേശികളും കാണിച്ച സൗമനസ്യം. ഇന്നും യു.എ.ഇ.യിലെ മൊത്തം ജനസംഖ്യയെടുത്താൽ അതിന്റെ നാലിലൊന്നുമാത്രമാണ് സ്വദേശികൾ. ഇതിനെല്ലാം പിന്നിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന മഹാനായ ഭരണാധികാരിയായിരുന്നു. ശൈഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമും വലംകൈയായി പ്രവർത്തിച്ചു.

നയിച്ച വഴികൾ

ശൈഖ് സായിദിനെ യു.എ.ഇ. ജനത രാഷ്ട്രപിതാവായി വാഴ്ത്തുന്നു. ആ മഹാത്മാക്കൾ വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യു.എ.ഇ.യെ നയിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിൽനിന്ന് മോചനംനേടുമ്പോൾ യു.എ.ഇ. ആരുമറിയാത്ത നാടായിരുന്നു. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, ഉമൽഖുവൈൻ, അജ്മാൻ എന്നീ നാട്ടുരാജ്യങ്ങളാണ് പിന്നീട് ‘സ്പിരിറ്റ് ഓഫ് ദ യൂണിയൻ’ എന്ന സന്ദേശവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന ഒറ്റരാജ്യമായി രൂപപ്പെട്ടത്. തുടക്കത്തിൽ ഭാഗമാകാതിരുന്ന റാസൽഖൈമ പിന്നീട് യു.എ.ഇ.യോടൊപ്പം ചേർന്നു. എല്ലാ നാട്ടുരാജ്യങ്ങളെയും ഒരുമിപ്പിച്ചുനിർത്തുക എന്ന വലിയ ദൗത്യത്തിന് നേതൃത്വംനൽകിയത് ശൈഖ് സായിദായിരുന്നു.

പിതാവിന്റെ കൂടെനിന്ന് ഭരണത്തിന്റെയും ജനങ്ങളുടെയും നാഡിമിടിപ്പ് മനസ്സിലാക്കാൻ ചെറുപ്പത്തിൽത്തന്നെ കഴിഞ്ഞു എന്നതാണ് ശൈഖ് ഖലീഫയ്ക്ക് ലഭിച്ച ഏറ്റവും മികച്ച വിദ്യാഭ്യാസം. രാജകൊട്ടാരത്തിന്റെ എല്ലാ സുഖശീതളിമയും അനുഭവിക്കുമ്പോൾത്തന്നെ സാധാരണ ജനങ്ങളുടെ സന്തോഷമാണ് ഭരണാധികാരിയുടെ ലക്ഷ്യമായിരിക്കേണ്ടത് എന്ന പാഠവും ശൈഖ് സായിദിൽനിന്നായിരുന്നു ശൈഖ് ഖലീഫ നേടിയത്. ശൈഖ് സായിദിന്റെ വിയോഗത്തെത്തുടർന്ന് യു.എ.ഇ.യുടെ പ്രസിഡന്റ്പദത്തിൽ അവരോധിക്കപ്പെട്ടപ്പോഴും ശൈഖ് ഖലീഫ ആ പാഠങ്ങൾ മറന്നില്ല. 2004 നവംബർ രണ്ടിന് ശൈഖ് സായിദ് അന്തരിച്ചതിനെത്തുടർന്ന് നവംബർ മൂന്നിനാണ് അബുദാബി ഭരണാധികാരിയായും യു.എ.ഇ. പ്രസിഡന്റായും ശൈഖ് ഖലീഫ അധികാരമേൽക്കുന്നത്.

അനന്യമായ ഭരണപാടവം

1966-ൽ ശൈഖ് സായിദ് അബുദാബി ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മൂത്തപുത്രനായ ശൈഖ് ഖലീഫ കിഴക്കൻമേഖലയിൽ ഭരണാധികാരിയുടെ പ്രതിനിധിയായി (മേയർ) അവരോധിക്കപ്പെട്ടു. അൽഐനിലെ കോടതിവകുപ്പിന്റെ തലവനായും നിയമിക്കപ്പെട്ടു. എന്നാൽ, കുറച്ചുമാസങ്ങൾക്കകംതന്നെ ഈ സ്ഥാനങ്ങൾ തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന് കൈമാറി. 1969 ഫെബ്രുവരി ഒന്നിനാണ് ശൈഖ് ഖലീഫ അബുദാബിയുടെ കിരീടാവകാശിയായി അവരോധിക്കപ്പെടുന്നത്. തൊട്ടടുത്ത ദിവസംതന്നെ അബുദാബി പ്രതിരോധവകുപ്പിന്റെ തലവനായി. ഈ സ്ഥാനത്തിരുന്ന് അബുദാബി പ്രതിരോധസേനയുടെ രൂപവത്‌കരണത്തിന് ശൈഖ് ഖലീഫ നേതൃത്വംനൽകി.

1971-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ്‌ രൂപവത്‌കൃതമായതോടെ ശൈഖ് ഖലീഫ അബുദാബി മന്ത്രിസഭയിലെ പ്രധാനമന്ത്രിയായി. എന്നാൽ, യു.എ.ഇ. മന്ത്രിസഭ രൂപവത്‌കൃതമായതോടെ അബുദാബി മന്ത്രിസഭ ഇല്ലാതായി. തുടർന്ന് ശൈഖ് ഖലീഫ ഉപപ്രധാനമന്ത്രിയായി. പിൽക്കാലത്ത് പിതാവിന്റെ വാർധക്യസഹജമായ അനാരോഗ്യം കാരണം കിരീടാവകാശിയായിരിക്കെത്തന്നെ രാജ്യഭരണത്തിന്റെ ചുമതല വഹിച്ചുതുടങ്ങിയിരുന്ന ശൈഖ് ഖലീഫ തുടക്കംമുതലേ മികച്ച ഭരണപാടവമാണ് കാഴ്ചവെച്ചത്.

ആദരമുണർത്തുന്ന പേര്

യു.എ.ഇ. ഫെഡറൽ കൗൺസിലിനെ ജനാധിപത്യവത്കരിക്കുന്നതിൽ ശൈഖ് ഖലീഫ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 40 അംഗ കൗൺസിലിലെ പകുതി അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നിയമം നടപ്പാക്കിയത് ശൈഖ് ഖലീഫയാണ്. 2005-ൽ രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് നൂറുശതമാനം ശമ്പളവർധന നടപ്പാക്കാൻ ഉത്തരവിട്ടതും ശൈഖ് ഖലീഫയുടെ ഭരണത്തിനുകീഴിലെ ഓർമിക്കപ്പെടുന്ന സംഭവങ്ങളിലൊന്നാണ്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിതകെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്ക് ഈ പേരുനൽകിയത് ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായാണ്. മഹാന്മാരായ പിതാക്കന്മാരെപ്പോലെത്തന്നെ മക്കളായ ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദും ഒരേ മനസ്സോടെ രാജ്യത്തിനും ജനങ്ങൾക്കുമായി പ്രയത്നിച്ചു. ആ ഇച്ഛാശക്തിയും ഭരണനിപുണതയുമാണ് ഇന്ന് യു.എ.ഇ.യെ ബുർജ് ഖലീഫ എന്ന ലോകത്തിലെ ഉയരമേറിയ കെട്ടിടത്തെ പ്പോലെ ലോകത്തിനുമുന്നിൽ ഉയർത്തിനിർത്തുന്നത്.

ഇന്ത്യയുടെ ഉറ്റബന്ധു

ഇന്ത്യയുമായി ഉറ്റബന്ധം പുലർത്തുന്ന രാജ്യമാണ് യു.എ.ഇ. നൂറ്റാണ്ടുകൾക്കുമുമ്പ് കച്ചവടത്തിലൂടെ തുടങ്ങിയ ബന്ധം പിന്നീട് ഭരണകൂടങ്ങൾതമ്മിലുള്ള സൗഹൃദത്തിന് വഴിമരുന്നിട്ടു. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാലത്ത് ഇന്ത്യയോട് സ്വീകരിച്ച ഉദാരമായ സമീപനങ്ങൾ ശൈഖ് ഖലീഫയും പിന്തുടർന്നു.

ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരസംരക്ഷണ കരാർ നിലവിൽ വന്നതോടുകൂടി 200 കോടി യു.എസ്. ഡോളർ ഇന്ത്യയിൽ നിക്ഷേപമിറക്കാൻ ശൈഖ് ഖലീഫ കാണിച്ച താത്‌പര്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി. വ്യാപാര-സാമ്പത്തിക മേഖലകളിൽ ഇന്ത്യയും യു.എ.ഇ.യും തമ്മിൽ ശൈഖ് സായിദിന്റെ കാലംമുതലുള്ള ബന്ധം മകൻ ശൈഖ് ഖലീഫയിലൂടെ കൂടുതൽ ഊട്ടി ഉറപ്പിക്കാൻ സാധിച്ചു. യു.എ.ഇ.യുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാവാൻ ഇന്ത്യക്ക് സാധിച്ചത് ഈ ഭരണാധികാരിക്ക്‌ ഇന്ത്യയോടുള്ള വികസനതാത്‌പര്യംകൊണ്ടുമാത്രമാണ്. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിനായി ഏറെ താത്‌പര്യംകാട്ടിയ ഭരണാധികാരിയാണ് ശൈഖ്‌ ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. ശേഷിക്കുന്ന ശിക്ഷാകാലാവധി തടവുകാർ സ്വന്തം രാജ്യത്ത് അനുഭവിച്ചാൽ മതിയെന്ന ധാരണ ഏറ്റവും അനുകൂലമായി ലഭിച്ചത് ഇന്ത്യക്കുതന്നെയാണ്.

Content Highlights: Sheikh Khalifa Bin Zayed, Dubai

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..